3,000 ചതുരശ്ര അടിവരെയുള്ള വീട് നിർമിക്കാൻ മണ്ണെടുക്കാം
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: മൂവായിരം ചതുരശ്ര അടിവരെ വീട് നിർമിക്കുന്നതിന് മണ്ണെടുക്കാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി സർക്കാർ ഉത്തരവിറക്കി. നിലവിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ് അനുമതി നൽകുന്നത്.
നിയമഭേദഗതി പ്രകാരം ഗാർഹിക ആവശ്യത്തിനായി 150 ടണ്ണിനു താഴെ മണ്ണ് പുറത്തേക്കു കൊണ്ടുപോകാം. ഇതിലേക്കുള്ള പാസ് തദ്ദേശ സ്ഥാപനം നൽകും. ഇതിനൊപ്പം സ്ഥലം നിരപ്പാക്കാൻ വകുപ്പിനെ അറിയി ക്കാതെ ചെയ്യാനുള്ള അനുമതി ലഭ്യമാക്കും.
മണ്ണെടുക്കാനുള്ള റോയൽറ്റി ഫീസ് ജിയോളജി വകുപ്പിൽ ഓണ്‍ലൈനായി അടയ്ക്കാം. ദുരന്ത നിവാരണം, സർക്കാർ നിർമിതികൾ എന്നിവയിൽ മണ്ണു നീക്കാൻ പ്രത്യേക അനുമതി നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വലിപ്പമനുസരിച്ച് ക്രഷറിന് റോയൽറ്റി ഈടാക്കുന്നതും ഖനനം നടത്തുന്ന സ്ഥലത്തിന്റെ വിസ്തീർണത്തിനനുസരിച്ച് കോന്പൗണ്ട് ചെയ്ത് റോയൽറ്റി ഈടാക്കുന്നതും നിർത്തലാക്കി. ഖനന റോയൽറ്റി ഇരട്ടിയാക്കി. അനധികൃത ഖനനം നടത്തി കടത്തുന്ന മണ്ണിന്റെ വില നിശ്ചയിക്കുന്നത് മാർക്കറ്റ് വിലയുടെ നാലു മടങ്ങായി ഉയർത്തി.
കേരള മിനറൽസ് (പ്രൊവിഷൻ ഓഫ് ഇല്ലീഗൽ മൈനിംഗ്), സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.