പോക്സോ കേസുകളിൽ പ്രത്യേക പരിശോധന
Saturday, April 1, 2023 1:39 AM IST
കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു ഫോണില്‍ സൂക്ഷിച്ചുവെന്ന കുറ്റാരോപണം നേരിടുന്ന പ്രതികള്‍ക്കെതിരായ പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ ഹൈക്കോടതി പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കും.
കുറ്റാരോപണത്തിന് ആസ്പദമായ വീഡിയോകളിലെ മോഡലുകളുടെ പ്രായം തെളിയിച്ചാല്‍ മാത്രമാണോ കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയുകയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതനുവേണ്ടി ഹാജരായ ഒരു അഭിഭാഷകനാണ് കോടതിയില്‍ വിഷയം ബോധിപ്പിച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ കോടതി അഡ്വ. രഞ്ജിത്ത് മാരാരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സമൂഹമാധ്യമങ്ങളില്‍നിന്ന് ഓട്ടോ ഡൗണ്‍ലോഡിംഗ് സംവിധാനം ഉപയോഗിച്ച് ഒരു വ്യക്തി അറിയാതെപോലും ഇത്തരം വീഡിയോകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടേക്കാമെന്ന വാദവും ഹര്‍ജി ഭാഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം.