സിപിഎം വനിതകൾക്കെതിരേയുള്ള പരാമർശം: കെ. സുരേന്ദ്രനെതിരേ കേസെടുത്തു
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: ഇടത് വനിതാ നേതാക്കൾക്കെതിരേ നടത്തിയ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയുടെ പരാതിയിലാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരേ ചുമത്തിയിട്ടുള്ളത്.
സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. ഡിജിപിക്കു നൽകിയ പരാതി അന്വേഷിക്കാനായി പോലീസ് ഹൈടെക് സെല്ലിനു കൈമാറുകയും ചെയ്തു.
സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പരാമർശം നടത്തിയിട്ടും സിപിഎം നേതാക്കൾ പരാതി നൽകാത്തതിലും മുഖ്യമന്ത്രി പിണറായി വിജയൻ കേസെടുക്കാൻ പോലീസിനു നിർദേശം നൽകാത്തതിലും പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
സഭ്യേതരമായ പരാമർശമാണു സിപിഎം വനിതാ നേതാക്കൾക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയതെന്നും ഇതിനെതിരേ സിപിഎം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പോലീസിൽ പരാതി നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ ഒരു സിപിഎം നേതാവ് പോലും രംഗത്തു വന്നില്ല.
ബിജെപിയുമായുള്ള സ്നേഹബന്ധത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ നേതാക്കൾ പോലും മിണ്ടാത്തതെന്നും പ്രതിപക്ഷ എംഎൽഎമാർക്കെതിരേ കള്ളക്കേസ് എടുക്കാൻ നിർദേശിച്ച മുഖ്യമന്ത്രി ഇപ്പോൾ എവിടെപ്പോയെന്നും സതീശൻ ചോദിച്ചിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞാണു വീണ എസ്. നായർ പരാതി നൽകിയത്.