തൊഴില്‍മേളകള്‍ വഴി സംസ്ഥാനത്ത് 96,792 പേര്‍ക്കു തൊഴില്‍ ലഭിച്ചു: മന്ത്രി
Sunday, March 26, 2023 1:35 AM IST
കളമശേരി: സ്വകാര്യമേഖലയിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഏജന്‍സിയായി തൊഴില്‍വകുപ്പ് മാറിയെന്നു മന്ത്രി വി. ശിവന്‍കുട്ടി.
തൊഴില്‍വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാജോബ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരി ഗവ. പോളിടെക്നിക്കില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍മേളകള്‍ വഴി സംസ്ഥാനത്ത് ഇതുവരെ 96,792 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 2016 മുതല്‍ 75,116 പേര്‍ക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലകളില്‍ തൊഴില്‍ നല്കാന് കഴിഞ്ഞു. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യപരിശീലനം നല്‍കുകയെന്ന ഉദ്ദേശത്തോടെ 11 എംപ്ലോയബിലിറ്റി സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കരിയര്‍ ഡവലപ്മെന്റ് സെന്ററുകളില്‍ നടത്തിയ 41 പ്ലേസ്മെന്റ് ഡ്രൈവുകള്‍ വഴി 1106 പേര്‍ക്കു തൊഴില്‍ ലഭിച്ചു. കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ ധനുസ് പദ്ധതിവഴി വിദേശ സര്‍വകലാശാലകളിലടക്കം കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചു. മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായിരുന്നു. കളമശേരി നഗരസഭ കൗണ്‍സിലര്‍ നെഷീദ സലാം, എംപ്ലോയ്മെന്റ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.