വിരമിച്ചിട്ട് ആറുമാസം; ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി അസി. സെക്രട്ടറിയാക്കി ഉത്തരവ്
Sunday, January 29, 2023 12:39 AM IST
കോഴിക്കോട്: ജോലിയില്‍നിന്നു വിരമിച്ചയാളെ പഞ്ചായത്ത് അസി. സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി വീണ്ടും നിയമിച്ചു. ജൂലൈയിൽ വിരമിച്ച തൃശൂർ സ്വദേശി കെ.എൻ. സുരേഷ് കുമാറിന് കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലാണ് ആറുമാസം കഴിഞ്ഞു നിയമനം നൽകിയത്. പഞ്ചായത്ത് വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്.
നിയമനം സാങ്കേതിക പിഴവാണെന്നാണ് ഔദ്യോഗിക വിശദീകരണം. താൻ വിരമിച്ച കാര്യം അറിയാതെ പ്രമോഷൻ പട്ടികയിലെ സീനിയോറിറ്റി പരിഗണിച്ചാകാം ഉത്തരവെന്ന് സുരേഷ് കുമാർ പറഞ്ഞു.
സുരേഷ് കുമാർ ജോലിക്ക് ഹാജരാകാത്തതിനെത്തുടർന്ന് കടലുണ്ടി പഞ്ചായത്തധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം വിരമിച്ചതായി കണ്ടെത്തിയത്.