കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം 11ന്
Thursday, December 8, 2022 12:29 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ അനാരോഗ്യത്തെത്തുടർന്നു മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം 11ന് എറണാകുളത്തു ചേരും. സംസ്ഥാന സർക്കാരിനെതിരേ സ്വീകരിക്കേണ്ട സമരപരിപാടികളാണു പ്രധാനമായും സമിതി ചർച്ച ചെയ്യുക.
ശശി തരൂർ എംപി വിവാദവും രാഷ്ട്രീയകാര്യ സമിതി ചർച്ചയാകും. പാർട്ടിയെ അറിയിച്ചു മാത്രമേ പര്യടന പരിപാടികളുമായി മുന്നോട്ടു പോകാവൂവെന്ന കെപിസിസി അച്ചടക്ക സമിതിയുടെ നിർദേശം ലംഘിച്ചു മുന്നോട്ടു പോകുന്ന ശശി തരൂരിന്റെ നിലപാടും ചർച്ചയ്ക്കെത്തുമെന്നാണു സൂചന.
നേരത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ ആർഎസ്എസ് അനുകൂല പരാമർശം ഏറെ വിവാദമായിരുന്നു. നാക്കുപിഴയെന്നു പറഞ്ഞു കെ. സുധാകരൻ പ്രസ്താവന തിരുത്തിയിരുന്നു.
ഇതിനു പിന്നാലെയാണു രാഷ്ട്രീയ കാര്യ സമിതി ചേരാൻ തീരുമാനിച്ചത്. തുടർന്നു കെ. സുധാകരന്റെ അനാരോഗ്യത്തെ ത്തുടർന്നാണു മാറ്റിവച്ചത്.