അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി അടിസ്ഥാനരഹിതമെന്ന് ആന്റി റാഗിംഗ് കമ്മിറ്റി
Tuesday, December 6, 2022 11:52 PM IST
കണ്ണൂർ: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരേ എസ്എഫ്ഐ നേതാവ് ഉന്നയിച്ച റാഗിംഗ് ആരോപണം വ്യാജമാണെന്നു കണ്ടെത്തി.
കണ്ണൂർ സർവകലാശാലയുടെ തലശേരി പാലയാട് കാന്പസിൽവച്ച് ഒന്നാംവർഷ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അദിൻ സുബിയെ റാഗ് ചെയ്തെന്ന പരാതിയാണു വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മിറ്റി കണ്ടെത്തിയത്.
പരാതിക്കാരനായ അദിനെ അലൻ റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംഗ് കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു കോളജിൽ നടന്നത്. തർക്കം തുടങ്ങിയത് അദിനാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. കാന്പസ് ഡയറക്ടർ ഡോ. മിനി അധ്യക്ഷയായ 13 അംഗ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അലന്റെ നേതൃത്വത്തിലുള്ള സംഘം റാഗിംഗിന്റെ പേരിൽ അദിനെ മർദിച്ചെന്നായിരുന്നു കേസ്. വിദ്യാർഥിയെ കാന്പസിനു മുന്നിൽവച്ച് മർദിച്ചെന്നായിരുന്നു എസ്എഫ്ഐ ആരോപിച്ചത്.
അലൻ ഷുഹൈബിനെ കൂടാതെ ബദറുദ്ദീൻ, നിഷാദ് എന്നിവർക്കെതിരേയും പരാതി നൽകിയിരുന്നു. എന്നാൽ, തങ്ങൾക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് അന്നുതന്നെ അലൻ ഷുഹൈബ് പ്രതികരിച്ചിരുന്നു.