"കൊച്ചരേത്തി'യിലൂടെ വായനക്കാരുടെ ഹൃദയം തൊട്ട കഥാകാരൻ
Wednesday, August 17, 2022 12:19 AM IST
സിജോ പൈനാടത്ത്
കൊച്ചി: "കൊച്ചരേത്തി'യിലെ കൊച്ചുരാമനും കുഞ്ഞിപ്പെണ്ണും മലയാളിയുടെ വായനാവഴികളിൽ തെല്ലു കണ്ണീർ പടർത്തി ഇന്നും നിറഞ്ഞുനിൽക്കുന്നുണ്ട്. ആദിവാസി ജീവിതപരിസരങ്ങളെ ആത്മാർഥമായും സത്യസന്ധമായും ആവിഷ്കരിച്ച മലയാളത്തിലെ ആദ്യകൃതിയെന്ന് അവകാശപ്പെടാവുന്ന കൊച്ചരേത്തിയെ മലയാളി ഹൃദയംകൊണ്ടാണു വായിച്ചെടുത്തത്; അതെഴുതിയ ആദിവാസികൂടിയായ നോവലിസ്റ്റ് നാരായന് വായനക്കാർ ഇടം നൽകിയതു ഹൃദയത്തിലും.
തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന കാലത്താണു നാരായൻ കൊച്ചരേത്തി എഴുതിയത്. ഒന്നര പതിറ്റാണ്ടോളം അതു കൈയെഴുത്തുപ്രതിയായിത്തന്നെ എഴുത്തുകാരന്റെ ബാഗിലിരുന്നു. 1995 ൽ ജോലിയിൽനിന്നു സ്വയം വിരമിച്ചു മൂന്നു വർഷങ്ങൾക്കുശേഷമാണ് കൊച്ചരേത്തി പ്രസിദ്ധീകരിക്കപ്പട്ടത്.
കിഴക്കൻ കേരളത്തിലെ മലയരയ വിഭാഗക്കാരായ ആദിവാസികളുടെ ജീവിതമാണ് 19 അധ്യായങ്ങളുള്ള കൊച്ചരേത്തിയുടെ പശ്ചാത്തലം. സ്വന്തം ജീവിതപരിസരങ്ങളും അനുഭവങ്ങളുമെല്ലാം ചാലിച്ചൊരുക്കിയ ഭാഷയാണു കൊച്ചരേത്തിയെ ആദിവാസിജനതയുടെ സത്യസന്ധമായ ആവിഷ്കാരമാക്കുന്നത്.
നോവൽ പുസ്തകമാകും മുന്‍പ് സിനിമയാക്കണമെന്ന മോഹവുമായി ഏറെ അലഞ്ഞെങ്കിലും പലരും കൈയൊഴിഞ്ഞു. ഒടുവിൽ ഡിസി കിഴക്കേമുറിയുടെ സവിശേഷ താത്പര്യത്തിൽ കൊച്ചരേത്തി 1998ൽ പ്രസിദ്ധീകരിക്കപ്പെട്ടു. തൊട്ടടുത്തവർഷം നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
പിന്നാലെ പല പ്രസാധകരിലൂടെ പന്ത്രണ്ടു പതിപ്പുകൾ. തോപ്പില്‍ രവി ഫൗണ്ടേഷന് അവാര്‍ഡ്, സ്വാമി ആനന്ദതീര്‍ഥ പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നിവയും കൊച്ചരേത്തിക്ക് ലഭിച്ചു.
കൊച്ചരേത്തി സിനിമയാക്കുന്നതിനുള്ള മോഹം നാരായൻ അവസാനകാലത്തും ഉപേക്ഷിച്ചിരുന്നില്ല. തിരക്കഥ പൂർത്തിയാക്കി. സംവിധായകൻ രഞ്ജി പണിക്കരുമായി സിനിമയുടെ പ്രാഥമിക ചർച്ചകളും നടത്തിയശേഷമാണു നാരായൻ വിടപറയുന്നത്.