റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന് പദവി നല്കി
Monday, July 4, 2022 1:04 AM IST
കൊച്ചി: വിശ്വാസപരിശീലന, വിശ്വാസ സംരക്ഷണ മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്കിയ തലശേരി അതിരൂപതാംഗവും ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന് പദവി നല്കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു.
മൈക്കിള്‍ കാരിമറ്റത്തിലച്ചന്റെ ഏതാനും ഗ്രന്ഥങ്ങളും സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭയില്‍ മല്പാന് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വൈദികനായ മൈക്കിള്‍ കാരിമറ്റത്തിലച്ചനെ അഭിനന്ദിച്ച മാര്‍ ആലഞ്ചേരി വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ഒട്ടും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആവശ്യപ്പെട്ടതോ അല്ല പുതിയ പദവിയെന്ന് മറുപടി പ്രസംഗത്തില്‍ ഫാ. മൈക്കിള്‍ കാരിമറ്റം പറഞ്ഞു. തനിക്കു ലഭിച്ചു എന്നതിലുപരി, ദൈവവചനത്തിന് സീറോ മലബാര്‍ സഭ നല്കുന്ന അഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.