1000 റേഷൻകടകൾ കെ-സ്റ്റോറുകളാക്കി മാറ്റും
Sunday, May 29, 2022 12:59 AM IST
തിരുവനന്തപുരം: അവശ്യസൗകര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എടിഎം എന്നിവയുൾപ്പെടുത്തിയാണ് കെ-സ്റ്റോറുകൾക്ക് രൂപം നൽകുക. ഇത്തരം സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും അടുത്ത പ്രദേശത്ത് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മേയ് 28 സിവിൽ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.