പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം: പോലീസ് കേസെടുത്തു
Tuesday, May 24, 2022 4:52 AM IST
ആലപ്പുഴ: കഴിഞ്ഞ 21 ന് പോപ്പുലർ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഐപിസി 153 എ പ്രകാരം ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയതിന് കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരേയാണു കേസ്.
റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നു കാട്ടി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി, ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചി രുന്നു. ബംജ്റംഗ്ദളിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും റാലികൾ 21 നു നടന്നിരുന്നു.
പോലീസ് നിർദേശം ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഐപിസി 283 പ്രകാരം ഇരുസംഘടനകൾക്കുമെതിരേയും പോലീസ് നേരത്തേ കേസെടുത്തിരുന്നു.
കേന്ദ്ര ഏജൻസികളും ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം. 10 വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിലിരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കുട്ടി വിളിക്കുന്ന മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് യഥാർഥ ദൃശ്യങ്ങളാണെന്നാണ് സ് പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്ന കുട്ടിയെയും മാതാപിതാക്കളെയും പോലീസ് തിരിച്ചറിഞ്ഞു.
മതസ്പർധ വളർത്തുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് സജി കുരുവിള എന്നിവർ ജില്ലാ പോലീസ് മേധാവിക്ക് ഇമെയിൽ സന്ദേശമയച്ചു.
മുദ്രാവാക്യം വിളിച്ചവർക്കെതിരേ കേസെടുക്കണമെന്നാവാശ്യപ്പെട്ട് ആന്റി ടെററിസം സൈബർ വിംഗിലെ നിക്സണ് ജോണും ജിജി നിക്സണും ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചു.