മൊഫിയയുടെ ആത്മഹത്യ: സേനയിലെ ചെന്നായ്ക്കളെ ഒഴിവാക്കണം: ഗവർണർ
Monday, November 29, 2021 1:47 AM IST
ആലുവ: പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെയാണെന്നും ഇവരെ ഒഴിവാക്കേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പോലീസ് സ്റ്റേഷനിൽ അപമാനിതയായ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്തത് ദാരുണമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
എടയപ്പുറത്തെ വീട്ടിലെത്തി മൊഫിയ പർവീണിന്റെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. കേന്ദ്രമന്ത്രിയായി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത അനുഭവത്തിൽ കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാ സേനകളിലൊന്നാണെന്നാണ് ഉറപ്പിച്ചു പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്താല്‍ സര്‍വകലാശാലാ ബിരുദം തിരിച്ചെടുക്കുന്ന നിയമം നടപ്പാക്കേണ്ടത് അനിവാര്യമാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു മുന്‍പായി സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങണം. ഇതു തെറ്റിച്ചാല്‍ നടപടിയെടുക്കണം.
പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്ത് വരണ്ടേത് അനിവാര്യമാണ്. - ഗവര്‍ണര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആലുവയിലെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരിൽക്കണ്ട അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അൻവർ സാദത്ത് എംഎൽഎയും കൂടെയുണ്ടായിരുന്നു.