അതിവേഗ റെയിൽ: മുഖ്യമന്ത്രിയുടെ പ്രതികരണം ദൗർഭാഗ്യകരമെന്ന് യുഡിഎഫ്
Sunday, September 26, 2021 10:15 PM IST
തിരുവനന്തപുരം: സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയെ യുഡിഎഫ് എതിർത്തത് അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കാര്യകാരണ സഹിതം യുഡിഎഫ് വ്യക്തമാക്കിയതാണ്. ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപസമിതി ഈ പദ്ധതിയെ കുറിച്ച് പഠിച്ച് വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതു സമഗ്രമായി ചർച്ച ചെയ്ത ശേഷമാണ് യുഡിഎഫ് ബദൽ നിർദേശങ്ങൾ മുന്നോട്ടു വച്ചത്. സാന്പത്തിക- സാമൂഹിക- പാരിസ്ഥിതിക പഠനം നടത്തുന്നതിനു മുൻപാണ് പദ്ധതി നടത്തിപ്പിന് ഭൂമിയേറ്റെടുക്കാൻ സർക്കാർ ധൃതികാണിക്കുന്നത്.
പദ്ധതി ഇപ്പോഴത്തെ നിലയ്ക്ക് നടപ്പാക്കിയാൽ 2000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. അന്‍പതിനായിരത്തോളം കച്ചവട സ്ഥാപനങ്ങൾ പൊളിക്കുകയും 145 ഹെക്ടർ നെൽവയൽ നികത്തുകയും 1000ൽപ്പരം മേൽപ്പാലം നിർമിക്കേണ്ടിയും വരും. ഇത് ഒഴിവാക്കിയ ബദൽ മാർഗം കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി ഉപേക്ഷിച്ച് ബദൽ പദ്ധതിക്കു രൂപംനൽകണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
അതിവേഗ റെയിൽവേ പദ്ധതി വേണമെന്ന അഭിപ്രായം തന്നെയാണ് യുഡിഎഫിനും. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിക്കു പകരം വിദഗ്ധരുടെ അഭിപ്രായം തേടാനും യുഡിഎഫുമായി ചർച്ച ചെയ്യാനും സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.