ഐശ്വര്യ കേരളയാത്ര കുന്പളയിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും
Monday, January 25, 2021 12:53 AM IST
കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുന്പളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ യാത്രാ കോ-ഓർഡിനേറ്റർ വി.ഡി. സതീശൻ എന്നിവർ അറിയിച്ചു. അന്ന് വൈകിട്ട് അഞ്ചിന് ചെർക്കളയിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് പെരിയ, ഉച്ചയ്ക്ക് 12ന് കാഞ്ഞങ്ങാട്, ഉച്ചകഴിഞ്ഞ് രണ്ടിന് തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയശേഷം യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്രയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കും.
മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി.ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ, ഷാഫി പറമ്പിൽ, ലതിക സുഭാഷ് എന്നിവർ യാത്രയിൽ അംഗങ്ങളായിരിക്കും.