ലഭ്യതയ്ക്കനുസരിച്ച് എല്ലാവര്ക്കും വാക്സിന് നല്‍കും: മന്ത്രി ശൈലജ
Sunday, January 17, 2021 12:54 AM IST
കണ്ണൂർ: ലഭ്യതയ്ക്കനുസരിച്ച് കോവിഡ് വാക്സിന് എല്ലാവര്ക്കും നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വാക്സിന് എത്ര കിട്ടുന്നു എന്നതിനെ ആശ്രയിച്ചാണ് മുന്‍ഗണന നിശ്ചയിക്കുകയെന്നും കൂടുതല്‍ അളവ് ലഭിച്ചാലുടന്‍ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാക്സിന് ലഭിക്കുന്ന മുറയ്ക്ക് മുന്‍ഗണനയിലുള്ള എല്ലാവര്ക്കും നല്കാന് സാധിക്കും. വാക്സിന് ഒരുമിച്ച് ലഭിക്കുന്നപക്ഷം എല്ലാ ആരോഗ്യകേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവ ലഭ്യമാക്കും. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മുന്‍ഗണനാവിഭാഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ആദ്യം വാക്സിന് സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. ലോകത്തെമ്പാടും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിനു മുന്‍ഗണന. വൈറസ് പൂര്‍ണമായും ഇല്ലാതാകുന്നതുവരെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.