കർഷകസമരം: പരിഹാരമില്ലാത്തത് ജനാധിപത്യത്തിനേറ്റ പ്രഹരമെന്ന് ഉമ്മൻ ചാണ്ടി
Sunday, January 17, 2021 12:54 AM IST
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പരിഹാരം കാണാൻ കഴിയാതെ നീണ്ടുപോകുന്നത് രാജ്യത്തിന്റെ ജനാധിപത്യ പാരന്പര്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.
കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജഭരണമല്ല ഇന്ത്യയിലേത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം. പ്രധാനമന്ത്രി കർഷകനോട് സംവദിക്കാൻ ഭയപ്പെടുന്നു.
കർഷകരുടെ മനോവീര്യം കെടുത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. കർഷകർ നയിക്കുന്ന പ്രതിഷേധത്തിൽ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകും.
കൃഷിഭൂമി കോർപറേറ്റുകൾക്ക് തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ചടങ്ങിൽ പ്രസംഗിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പറഞ്ഞു.യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, പി.സി. ചാക്കോ, അടൂർ പ്രകാശ് എംപി, എഐസിസി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി.വിശ്വനാഥൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.