വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല: മുല്ലപ്പള്ളി
Wednesday, September 30, 2020 1:04 AM IST
തിരുവനന്തപുരം: വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് പുതുതായി നിയമിക്കപ്പെട്ട സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള വേദി എന്നും കോണ്‍ഗ്രസിലുണ്ട്. കെപിസിസി പുനഃസംഘടന നീണ്ടുപോയതില്‍ വിഷമമുണ്ട്. കോണ്‍ഗ്രസ് പോലൊരു പ്രസ്ഥാനത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി ഭാരവാഹിപ്പട്ടിക തയാറാക്കുക ദുഷ്കരമാണ്. ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.എല്ലാവിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞെങ്കിലും അര്‍ഹതയുള്ള പലരെയും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. മനഃപൂര്‍വം ആരേയും ഒഴിവാക്കിയിട്ടില്ല.
താനടക്കമുള്ള കെപിസിസി ഭാരവാഹികള്‍ എല്ലാം തികഞ്ഞവരല്ല. ന്യൂനതകളും പോരായ്മകളും എല്ലാവര്ക്കും കാണും. അതു പരിഹരിച്ച് മുന്നോട്ട് പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. "എന്റെ ബൂത്ത്, എന്റെ അഭിമാനം’ എന്ന കാമ്പയിനിലൂടെ 25000 വനിതകളെ സംഘടനാതലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പുതുതായി ചുമതല ഏറ്റെടുത്ത ഭാരവാഹികള്‍ക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്, മണ്‍വിള രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, പാലോട് രവി, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.