പൂവരണിയിൽ കാർ ലോറിയിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Sunday, September 20, 2020 12:53 AM IST
പാലാ: പാലാ-പൊൻകുന്നം റോഡിൽ പൂവരണിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. കാർ യാത്രക്കാരായ ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവിൽ സന്ദീപ് വിജയൻ (26), കാഞ്ചിയാർ വെങ്ങാലൂർക്കട ഉറുന്പിൽ വിഷ്ണു വിജയൻ (26) എന്നിവരാണു മരിച്ചത്.
കട്ടപ്പനയിൽനിന്നു പാലായ്ക്കു വരികയായിരുന്ന കാറും പൊൻകുന്നം ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന ഉപ്പുതറ ചപ്പാത്ത് തേനാട്ട് ലിജു ബാബു (അപ്പു-24)വിനെ ഗുരുതര പരിക്കുകളാടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂവരും കട്ടപ്പന മാരുതി ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരാണ്. തലയോലപ്പറന്പിൽ കന്പനി മീറ്റിംഗിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ.
കാർ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്വകാര്യബസിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മൂവരെയും പുറത്തെടുത്ത് ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്ദീപ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയശേഷമാണു വിഷ്ണു മരിച്ചത്. സന്ദീപായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു പോലീസ് പറഞ്ഞു.
പാലായിൽനിന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെത്തുടർന്ന് ഹൈവേയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. വാഹനത്തിൽനിന്നു ചോർന്ന ഇന്ധനം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ചപ്പാത്ത് പൊരികണ്ണി കൊച്ചുചരുവിൽ വിജയൻ - അജിത ദന്പതികളുടെ മകനാണ് സന്ദീപ്. ഭാര്യ: അയന. വെങ്ങാലൂർക്കട ഉറുന്പിൽ വിജയന്റെ മകനാണ് വിഷ്ണു. മാതാവ്: പരേതയായ നിർമല. സഹോദരി: വിഷ്ണുപ്രിയ. സന്ദീപിന്റെ മൃതദേഹം പാല ജനറൽ ആശുപത്രിയിലും വിഷ്ണുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.