കോണ്‍ഗ്രസിനു നിലപാടുണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു: മുഖ്യമന്ത്രി
Thursday, August 6, 2020 12:42 AM IST
തിരുവനന്തപുരം: മതനിരപേക്ഷതയുടെ കാര്യത്തിൽ കോണ്‍ഗ്രസിനു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാമക്ഷേത്ര ശിലാസ്ഥാപന വിഷയത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ അദ്ഭുതമില്ല. എല്ലാ കാലത്തും കോണ്‍ഗ്രസിന്റെ നിലപാട് ഇതു തന്നെയായിരുന്നു.
ബാബറി മസ്ജിദിൽ ആരാധന അനുവദിച്ചത് കോണ്‍ഗ്രസ് സർക്കാർ ആയിരുന്നു. ശിലാന്യാസത്തിന് അനുമതി നൽകിയതും കോണ്‍ഗ്രസ് സർക്കാർ ആയിരുന്നു. മസ്ജിദ് തകർക്കാൻ സംഘപരിവാറുകാർ ചീറിപ്പാഞ്ഞു ചെന്നപ്പോൾ നിസംഗതയോടെ സമീപിച്ചത് കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു. രാമക്ഷേത്രത്തേക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോൾ ഇപ്പോൾ കോവിഡ് ഭീഷണി എങ്ങനെ മറികടക്കാമെന്നാണു ചിന്തിക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.