മണിനാദം 2020 ചാലക്കുടിയിൽ
Sunday, February 16, 2020 1:19 AM IST
തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചാലക്കുടി നഗരസഭ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണിനാദം 2020 നാടൻപാട്ട് മത്സരം ചാലക്കുടിയിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.
കലാഭവൻ മണിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മാർച്ച് ആദ്യവാരത്തിൽ മണിനാദത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല നാടൻപാട്ട് മത്സരവും, ജില്ലയിലെ മിമിക്രി കലാകാരന്മാരുടെ ജില്ലാതല മത്സരവും ചാലക്കുടി നഗരസഭയുടെ കലാഭവൻ മണി അനുസ്മരണവും നടക്കും. കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെ ചിരസ്മരണയുടെ ഭാഗമായുള്ള അവാർഡ്ദാന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 75,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 50,000 രൂപയുമാണ് സമ്മാനം.