ഗവർണറുടെ വിയോജിപ്പ് രേഖകളിൽ നിന്നു നീക്കം ചെയ്യണം: രമേശ് ചെന്നിത്തല
Thursday, January 30, 2020 12:51 AM IST
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തവേ പൗരത്വ ഭേദഗതി സംബന്ധിക്കുന്ന ഖണ്ഡിക വായിക്കുന്നതിന് മുന്പ് അതിനോടു വിയോജിച്ചു കൊണ്ട് ഗവർണർ നടത്തിയ പരാമർശം സഭാ രേഖകളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി.
പൗരത്വ ഭേദഗതിയെ വിമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക വായിക്കുന്നതിന് മുന്പ് താൻ ഇതിനോട് വിയോജിക്കുകയാണെന്നും എന്നാൽ മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് താൻ ഇതു വായിക്കുന്നതെന്നുമാണ് ഗവർണർ പറഞ്ഞത്.
ഇത് സഭയുടെ രേഖകളിൽ നിന്നും വെബ്കാസ്റ്റിംഗിൽ നിന്നും ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.