ബദൽ കൃഷികളിലേക്കു കർഷകർ തിരിയണം: ഇൻഫാം അധ്വാനവർഗ അവകാശരേഖ
Saturday, January 18, 2020 12:05 AM IST
കട്ടപ്പന: ആഗോള താപനമുൾപ്പെടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉത്പാദനക്കുറവും വിപണിവിലയിലുണ്ടാകുന്ന ഇടിവും വിലയിരുത്തി ആഗോള കന്പോളത്തിലെ സാധ്യതകൾ കണ്ടറിഞ്ഞു വിളമാറ്റത്തിലൂടെ ബദൽ കൃഷിയിലേക്ക് ഇന്ത്യയിലെ കർഷകർ തിരിയണമെന്ന് ഇൻഫാം ദേശീയ സമ്മേളനം ആഹ്വാനംചെയ്തു. ഇൻഫാം ദേശീയ മഹാസമ്മേളനത്തിൽ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി.സി. സെബാസ്റ്റ്യൻ അധ്വാനവർഗ അവകാശരേഖ അവതരിപ്പിച്ചു.
കാർഷികമേഖലയുടെ നിലനില്പിനായി ഏകവിളയിൽനിന്നു ബഹുവിളയിലേക്കു കൃഷികൾ മാറണം. ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം. ആഗോളവത്കരണത്തിന്റെ നാളുകളിൽ രാജ്യാന്തര കോർപറേറ്റുകളോടു കാർഷികരംഗത്തു മത്സരിക്കുവാൻ കർഷകർക്ക് ഒറ്റയ്ക്കു സാധ്യമല്ല. സംഘടിത കർഷകസംരംഭങ്ങളിലൂടെ മത്സരക്ഷമതയുയർത്താതെ ഇന്ത്യയിലെ കർഷകർക്ക് ഇനിയുള്ള നാളുകളിൽ നിലനിൽപില്ല.
എല്ലാ പഞ്ചായത്തുകളിലും കർഷക കൂട്ടായ്മകളിലൂടെ കർഷക ഓപ്പണ് മാർക്കറ്റുകളുടെ ശൃംഖല രൂപപ്പെടണം. വരുംനാളുകളിൽ രൂക്ഷമാകുമെന്നുറപ്പായിരിക്കുന്ന ജലദൗർലഭ്യത്തെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്പോൾ ജലസംഭരണ പദ്ധതികൾക്കു കർഷകർ മുന്നോട്ടിറങ്ങണം. ജൈവകൃഷിയാണ് നിലനിൽക്കുന്ന കൃഷിയെന്നു തിരിച്ചറിഞ്ഞ് മണ്ണിനെയും മനുഷ്യനെയും നിലനിർത്തുന്ന ആരോഗ്യ പൂർണമായ വിഷരഹിത കൃഷിയിലേക്കു മാറി കാർഷിക സംസ്കാരത്തിന്റെ ആത്മാവിനെ കണ്ടെത്തണം.
പതിറ്റാണ്ടുകൾക്കുമുന്പ് പണംമുടക്കി വാങ്ങി, ആധാരമെഴുതി പോക്കുവരവ് നടത്തി കരമടച്ച് കൈവശംവച്ചനുഭവിച്ചു സംരക്ഷിക്കുന്ന കൃഷിഭൂമിയുടെ നികുതി അടയ്ക്കുന്നതു നിഷേധിക്കുന്നതും പോക്കുവരവ് നടത്താൻ വിസമ്മതിക്കുന്നതുമായ റവന്യു അധികൃതരുടെ ധിക്കാരസമീപനം അതിരുകടക്കുന്നു. വനവിസ്തൃതി കൂട്ടുവാൻ അസംഘടിത കർഷകസമൂഹത്തെ സ്വന്തം മണ്ണിൽനിന്ന് ആട്ടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തെ നിയമത്തിലൂടെയും ഒറ്റക്കെട്ടായുള്ള സംഘടിതശക്തികൊണ്ടും നഖശിഖാന്തം എതിർക്കുമെന്നും ഇൻഫാം അവകാശ രേഖയിൽ പ്രഖ്യാപിച്ചു.