മലങ്കര സുറിയാനി കത്തോലിക്കാസഭാസംഗമവും ബഥനി ആശ്രമ ശതാബ്ദിയും കോട്ടയത്ത്
Tuesday, September 17, 2019 12:01 AM IST
കോട്ടയം: മലങ്കര സുറിയാനി കത്തോലിക്കാ സഭ 89-ാമതു പുനരൈക്യവാർഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും 18, 19, 20 തീയതികളിൽ കോട്ടയം വടവാതൂർ ഗിരിദീപം കാന്പസിൽ നടക്കും. 18നു വൈകുന്നേരം 5.30നു ഛായാചിത്രവും ദീപശിഖയും എബ്രഹാം മാർ യൂലിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സ്വീകരിക്കും. തുടർന്ന് എംസിവൈഎം ക്വിസ് മത്സരം നടക്കും.
19 ന് ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്തിൽ വിശുദ്ധ കുർബാന. 8.30ന് സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ.
9.15ന് അല്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനംചെയ്യും. വി.പി. മത്തായി അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ ക്ലാസ് നയിക്കും. എംസിവൈഎം സംഗമം എം.പി. ലിപിൻരാജ് ഉദ്ഘാടനംചെയ്യും. ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വിൻസന്റ് മാർ പൗലോസ്, മാർ തോമസ് തറയിൽ എന്നിവർ ക്ലാസ് നയിക്കും.
സമാപന ദിവസമായ 20ന് രാവിലെ എട്ടിനു രാവിലെ മാർ ക്ലീമിസ് കാതോലിക്കബാവയുടെ മുഖ്യകാർമികത്വത്തിൽ മെത്രാപ്പോലീത്തമാരും വൈദികരും ചേർന്നു സമൂഹബലി അർപ്പിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും. പൊതുസമ്മേളനം ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനംചെയ്യും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിക്കും. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയിൽ, എസ്ഐസി മദർ ജനറൽ ലിറ്റിൽ ഫ്ളവർ, ഡിഎം മദർ ജനറൽ ജയിൽസ്, ശോശാമ്മ തോമസ് പാലനിൽക്കുന്നതിൽ, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ മിശിഹാനുകരണ സന്യാസി സമൂഹം സുപ്പീരിയർ ജനറൽ ഫാ.ജോസ് കുരുവിള പീടികയിൽ, ആഘോഷ കമ്മിറ്റി ജനറൽ കണ്വീനർ റവ.ഡോ. റെജി മനയ്ക്കലേട്ട്, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫാ. സന്തോഷ് അഴകത്ത് എന്നിവർ പങ്കെടുത്തു.