ഡി. ഗുകേഷ് ലോക ചെസ് ചാന്പ്യൻ
Thursday, December 12, 2024 11:33 PM IST
ഇന്ത്യയിൽനിന്നു ലോക ചെസ് ചാന്പ്യൻ പദവി അലങ്കരിച്ചുകൊണ്ട് ഇതാ മറ്റൊരു തമിഴ്നാട്ടുകാരൻ പയ്യൻ. അഞ്ചു തവണ ലോകകിരീടം ചൂടിയ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനുശേഷം ചെന്നൈയിൽനിന്നുള്ള ദൊമ്മരാജു ഗുകേഷ് നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു ചെസ് ചാന്പ്യനായി.
ഇന്ത്യ - ചൈന യുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഗുകേഷിന്റെ ചടുലമായ കരുനീക്കങ്ങളിലേക്കായിരിരുന്നു കഴിഞ്ഞ നാളുകളിൽ ലോകചെസ് പ്രേമികളുടെ ശ്രദ്ധ മുഴുവൻ. സിംഗപ്പുരിൽ 2024 നവംബർ 25 തിങ്കളാഴ്ച ആരംഭിച്ച ലോക ചെസ് ചാന്പ്യൻഷിപ്പിൽ പതിനാലു ഗെയിമുകളിൽ ഏഴര പോയിന്റോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന പദവിക്കു ഗുകേഷ് അർഹനായി.
ചെസ് ഇതിഹാസം ഗാരി കാസ്പറോവ് 22 വയസുള്ളപ്പോൾ ലോക ചാന്പ്യൻ ആയതിന്റെ റിക്കാർഡ് നാലു വർഷത്തെ വ്യത്യാസത്തിലാണ് ഗുകേഷ് തിരുത്തികുറിച്ചത്. ഗൂഗിൾ സ്പോണ്സർ ചെയ്ത ‘വേൾഡ് ചെസ് ചാന്പ്യൻഷിപ് - 2024 പ്രസന്റഡ് ബൈ ഗൂഗിൾ’ എന്നതിനോടു ചേർത്ത് വിന്നർ ഡി. ഗുകേഷ്, ഇന്ത്യ എന്ന് ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞു.
ലോക ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ വൻരാജ്യങ്ങളിൽ നിന്നുള്ള രണ്ട് താരങ്ങൾ മാറ്റുരച്ചപ്പോൾ അത് ഇന്ത്യ-ചൈന യുദ്ധമെന്ന് ഓമനപ്പേരിട്ട് ചെസ് ലോകത്തിലെ ഏവരുടെയും ശ്രദ്ധ മത്സര വേദിയായ സിംഗപ്പുരിലെ റിസോർട്ട്സ് വേൾഡ് സെന്റോസയിലെ ഇക്വാരിയസ് ഹോട്ടലിൽ മുപ്പത്തിരണ്ടു കരുക്കൾ നിരത്തപ്പെട്ട അറുപത്തിനാലു കളങ്ങളിലേക്കായി.
ഏവരും ആവേശപൂർവം കാത്തിരുന്ന മത്സരങ്ങൾക്ക് നവംബർ ഇരുപത്തിയഞ്ചിന് തിരശീലയുയർന്നപ്പോൾ ആദ്യ ഗെയിമിൽ ഗുകേഷിന് നിലവിലെ ലോക ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനു മുന്പിൽ മുട്ടുമടക്കേണ്ടി വന്നത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി.
എന്നാൽ യുവത്വത്തിന്റെ പ്രസരിപ്പും തന്ത്രങ്ങളും കൈമുതലായുണ്ടായിരുന്ന ഗുകേഷ് മൂന്നാം റൗണ്ടിൽ ലോകചാന്പ്യനെ അടിയറവു പറയിച്ച് ശക്തമായ തിരിച്ചുവരവു നടത്തി. പിന്നീടുസംഭവിച്ച എഴു സമനിലകൾ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾക്കു സാക്ഷ്യമായി. ഏഴും എട്ടും ഗെയിമുകളിൽ വ്യക്തമായ മേധാവിത്വം നേടിയത് ഗുകേഷിന്റെ പോരാട്ടവീര്യത്തിന്റെ തെളിവായി.
പതിനൊന്നാം ഗെയിം വിജയിച്ചുകൊണ്ട് ലിറനുമേൽ ഒരു പോയിന്റിന് ലീഡ് ചെയ്യുന്നതിനു ഗുകേഷിനു സാധിച്ചു. എന്നാൽ പന്ത്രണ്ടാം റൗണ്ടിൽ ചൈനീസ് ഗ്രാൻഡ്മാസ്റ്റർക്കു മുൻപിൽ കാലിടറി. പതിമൂന്നാം റൗണ്ടിലെ മത്സരത്തിൽ മുൻതൂക്കം നേടിക്കൊണ്ട് ലിറനെ സമ്മർദത്തിലാക്കാൻ ഗുകേഷിനു സാധിച്ചു. ക്ലാസിക്കൽ ഗെയിം ഫോർമാറ്റിലെ അവസാന മത്സരമായ പതിനാലാം ഗെയിമിൽ കറുത്ത കരുക്കളിൽ കരുത്തുകാണിച്ച് ലിറനെ തറപറ്റിച്ചു.
കുടുംബം ആന്ധ്രയിൽനിന്ന്
2006 മേയ് 29 നു ചെന്നൈയിൽ ആന്ധ്രപ്രദേശിൽ നിന്നുള്ള ഒരു തെലുങ്കുകുടുംബത്തിലാണ് ദൊമ്മരാജു ഗുകേഷ് ജനിച്ചത്. ദൊമ്മരാജു എന്നത് കുടുംബ പേരാണ്. ഗുകേഷ് ഡി. എന്നാണ് ഔദ്യോഗിക നാമം. പിതാവ് ഇഎൻടി ശാസ്ത്രക്രിയാ വിദഗ്ധനായ ഡോ. രജനീകാന്തും അമ്മ മൈക്രോബയോളജിസ്റ്റായ ഡോ. പദ്മയുമാണ്. ചെന്നൈയിലെ മേൽഅയന്പകത്തുള്ള വേലമ്മൾ വിദ്യാലയ സ്കൂളിലാണ് ഗുകേഷ് പഠിച്ചത്.
ഏഴാം വയസിലാണ് ചെസ് കളിക്കാൻ പഠിക്കുന്നത്. മാതാപിതാക്കൾ ചെസ് കളിക്കുന്നതു കണ്ടാണ് ചെസിൽ ആകൃഷ്ടനാകുന്നത്. തുടക്കത്തിൽ ആഴ്ചയിൽ മൂന്നു ദിവസം ഒരു മണിക്കൂർവീതം ചെസ് പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. ഗുകേഷിന്റെ മികവ് തിരിച്ചറിഞ്ഞ സ്കൂളിലെ അധ്യാപകർ വാരാന്ത്യങ്ങളിൽ അവനെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ തുടങ്ങി.
സ്വപ്നം കണ്ട ലോക ചാന്പ്യൻഷിപ്പ്
2013ൽ ചെന്നൈയിലെ ഹയാത് റീജെൻസിയിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും നോർവെയുടെ മാഗ്നസ് കാൾസണും തമ്മിൽ ലോകചാന്പ്യൻ പട്ടത്തിനായി ഏറ്റുമുട്ടുന്നതു കാണാൻ പിതാവ് ഡോ. രജനീകാന്തിനൊപ്പം പോയി. അന്നു മനസിൽ തീരുമാനിച്ചുറപ്പിച്ചു തനിക്കും ഒരു ലോകചാന്പ്യനാകണമെന്ന്.
ഇന്നത്തെ ഇന്ത്യയുടെ ചെസ് സെൻസേഷൻ ആർ. പ്രഗ്നാനന്ദ അണ്ടർ 9 കാറ്റഗറിയിൽ ലോകചാന്പ്യനായ കാലം. “നിന്നെക്കാൾ ഒരുവയസുമാത്രം കൂടുതലുള്ള പ്രഗ്നനന്ദ ലോകചന്പ്യനായത് കണ്ടില്ലേ” എന്ന് അച്ഛൻ ചോദിച്ചപ്പോൾ മുതൽ പ്രഗ്നാനന്ദയെ ശ്രദ്ധിക്കാൻ തുടങ്ങി ഗുകേഷ്. അന്നു മുതൽ ടൂർണമെന്റുകളിൽ പ്രാഗ് എങ്ങനെ ഇരിക്കുന്നു, നടക്കുന്നു, കളിക്കുന്നു എന്നു നിരീക്ഷിച്ച് അതേപടി അനുകരിക്കുമായിരുന്നു.
നേട്ടങ്ങൾ തുടർക്കഥ
ചെസ് രംഗത്ത് ചെറുപ്പത്തിലെതന്നെ ഗുകേഷ് കരസ്ഥമാക്കിയ നേട്ടങ്ങൾ അത്ഭുതാവഹമാണ്. 2015ലെ ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യൻഷിപ്പിന്റെ അണ്ടർ 9 വിഭാഗത്തിലും 2018ലെ ലോക യൂത്ത് ചെസ് ചാന്പ്യൻഷിപ്പിലെ അണ്ടർ 12 വിഭാഗത്തിലും ഗുകേഷ് ജേതാവായി.
2018ലെ ഏഷ്യൻ യൂത്ത് ചെസ് ചാന്പ്യൻഷിപ്പിൽ അണ്ടർ 12 വ്യക്തിഗത റാപിഡ്, ബ്ലിറ്റ്സ്, അണ്ടർ 12 വ്യക്തിഗത ക്ലാസിക്കൽ എന്നീ ഫോർമാറ്റുകളിൽ അഞ്ചു സ്വർണമെഡലുകൾ നേടി. 2017 മാർച്ചിൽ നടന്ന കാപ്പെല്ലേ-ല-ഗ്രാൻഡേ ഓപ്പണിൽ ഇന്റർനാഷണൽ പദവി കരസ്ഥമാക്കി. 2019 ജനുവരി 15ന് 12 വയസും ഏഴു മാസവും പതിനേഴു ദിവസവും പ്രായമുള്ളപ്പോൾ ചരിത്രത്തിലെഅന്നത്തെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ആയി.
2022 ഒക്ടോബറിൽ എയിം ചെസ് റാപ്പിഡ് ടൂർണമെന്റിൽ അഞ്ചുതവണ ലോക ചാന്പ്യനായ മാഗ്നസ് കാൾസണെ തോല്പിക്കുന്ന ഏറ്റം പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ് മാറി. 2022ൽ ചെന്നൈയിലെ മഹാബലിപുരത്തു നടന്ന ചെസ് ഒളിന്പ്യാഡിൽ ടീമിനത്തിൽ വെങ്കലവും വ്യക്തിഗത ഇനത്തിൽ സ്വർണവും ഗുകേഷ് കരസ്ഥമാക്കിയിരുന്നു. 2023 ഓഗസ്റ്റിലെ റേറ്റിംഗിൽ 2750 കടന്ന ഏറ്റം പ്രായം കുറഞ്ഞ കളിക്കാരനായി. 2023 സെപ്റ്റംബറിൽ ഒൗദ്യോഗികമായി വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം റാങ്കുകാരനായി.
37 വർഷത്തിന് ശേഷമാണ് ആനന്ദിന് ഒന്നാം റാങ്ക് നഷ്ടമാകുന്നത്. 2023 ഡിസംബറിൽ ഫിഡേ സർക്യുട്ട് അവസാനിച്ചപ്പോൾ രണ്ടാമതെത്തിക്കൊണ്ട് 2024 കാൻഡിഡേറ്റസ് ടൂർണമെന്റിനു യോഗ്യത നേടി. വിജയിയായ ഫബിയാനോ കരുവാനാ ലോകകപ്പിൽത്തന്നെ യോഗ്യത നേടിയിരുന്നു. ബോബി ഫിഷറിനും മഗ്നസ് കാൾസണിനും പിന്നിൽ ഒരു കാൻഡിഡേറ്റസ് ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ കളിക്കാരനായി ഗുകേഷ്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഈ വർഷം നടന്ന ചെസ് ഒളിന്പിയാഡിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓപ്പണ് വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയപ്പോൾ ടീമിനെ നയിച്ചത് ഗുകേഷാണ്. വ്യക്തിഗതമായി സ്വർണമെഡൽ നേടുന്നത്തിനും ടീമിനത്തിൽ ഇന്ത്യയെ സ്വർണകിരീടതലെത്തിക്കുന്നതിനും കാരണമായിതീർന്നു. ഈ നവംബർ മാസം ആദ്യം റേറ്റിംഗിൽ 2800 കടക്കുന്ന പതിനെട്ടാമനും ഏറ്റം പ്രായംകുറഞ്ഞ താരവുമായി മാറിയിരുന്നു.
ലോക ചാന്പ്യൻഷിപ്പിലേക്കുള്ള വഴികൾ
ചെസ് രംഗത്തു വെറും പത്തു വഷത്തെ മാത്രം അനുഭവസന്പത്തുള്ള ഗുകേഷിന്റെ ലോക ചാന്പ്യൻഷിപ്പ് മത്സരത്തിലേക്കുള്ള പ്രയാണം അത്ഭുതാവഹമായിരുന്നു. ലോക ചെസ് ഫെഡറേഷനായ ‘ഫിഡെ ’ യാണ് ലോക ചെസ് ചാന്പ്യൻഷിപ്പ് നടത്തുന്നത്.
ലോക ചാന്പ്യനെ നേരിടാനുള്ള ചലഞ്ചറെ കണ്ടെത്തുന്നതിനായി നടത്തപ്പെട്ട മത്സരമാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റ്. സൂപ്പർ ഗ്രാന്ഡ്മാസ്റ്റേഴ്സ് പങ്കെടുക്കുന്ന വിവിധങ്ങളായ ഫിഡെ ടൂർന്നമെന്റിലെ മുൻനിരയിലെത്തിയ കളിക്കാരോടൊപ്പം മുൻ ലോകചാന്പ്യൻഷിപ്പിലെ റണ്ണറപ്പുമുൾപ്പെടെ എട്ടു പേരാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിനു മത്സരിക്കാനുണ്ടായിരുന്നത്.
2023ലെ ഫിഡെ സർക്യൂട്ട് മത്സരങ്ങളിൽ മുൻനിരക്കാരനായി ഗുകേഷ് ഇതിൽ യോഗ്യത നേടിയിരുന്നു. ഏപ്രിലിൽ കാനഡയിൽ നടന്ന പതിനാലു റാണ്ടുകളുണ്ടായിരുന്ന ഡബിൾ റൗണ്ട് റോബിൻ മത്സരത്തിൽ ഒൻപതു പോയിന്റ് നേടി ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റ്സ് ചെസ് വിജയിയായി.
അങ്ങനെ ലോക ചെസ് പട്ടത്തിനായി മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന കീർത്തി ദൊമ്മരാജു ഗുകേഷ് സ്വന്തമാക്കി. കാൻഡിഡേറ്റ്സ് വിജയിച്ചെത്തിയ ഗുകേഷിന് മാതൃവിദ്യാലയമായ വേലമ്മാൾ സ്കൂൾ സമ്മാനമായി നല്കിയത് ഒരു കോടി രൂപ വിലയുള്ള ബെൻസ് കാറാണ്.
വരും കാലങ്ങളിൽ ലോക ചെസിന്റെ അമരത്ത് പതിറ്റാണ്ട് കാലത്തോളും വാഴാൻ ഇന്ത്യൻ ചെസിന്റെ പുണ്യമായ (ഗുകേഷ്- പുണ്യം) ലോക ചാന്പ്യൻ ഡി. ഗുകേഷ് ഉണ്ടാകും.
ചൈനയ്ക്കു മേൽ ഇന്ത്യയുടെ ബൗദ്ധികവിജയം
സിംഗപ്പുരിലെ റിസോർട്ട് വേൾഡ് സെന്റോസയിലെ ഇക്വാരിയസ് ഹോട്ടലിന്റെ ചത്വരം പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിക്ക് ചെസ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. അറുപത്തിനാലു കളങ്ങളിലെ ബൗദ്ധിക യുദ്ധത്തിൽ ഇന്ത്യയും ചൈനയും ലോകം കീഴടക്കാനായി പോർക്കളത്തിൽ നീണ്ട നാലര മണിക്കൂർ പോരാട്ടത്തിൽ വിജയം ഇന്ത്യക്ക്.
ചൈനയുടെ ലോക ചാന്പ്യൻ ഡിങ് ലിറനെ അട്ടിമറിച്ച് ഗുകേഷ് വിജയ മകുടമണിഞ്ഞു. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യത്തിലായിരുന്ന ചെസ് ലോകം ഇതാ വീണ്ടും ഇന്ത്യയുടെ കാൽക്കീഴിൽ.
ലോക ചെസ് ചാന്പ്യൻഷിപ്പിലെ ക്ലാസിക്കൽ ഫോർമാറ്റിലെ അവസാന ഗെയിമിൽ വെള്ള കരുക്കളുമായി കളത്തിലിറങ്ങിയ ലിറൻ കിംഗ്സ് ഇന്ത്യൻ അറ്റാക്കിലൂടെയാണ് കളിയാരംഭിച്ചത്.
വൈറ്റിന്റെ വെള്ള കള ബിഷപ്പിനെ ഫിയാഞ്ചെറ്റോ നീക്കം നടത്തി മുന്നേറിയ കളി റിവേഴ്സ്ഡ് ഗ്രൻഫൾഡ് വേരിയേഷനിലേക്കു നീങ്ങിയ ശേഷം ഡി 4 കോളം കുരുതിക്കളമായി മാറി. ഇരുവരുടെയും കുതിരയും കാലാളുകളും അവിടെ പൊരുതി വീണു. ഈ ലോക ചാന്പ്യൻഷിപ്പിൽ എല്ലാ ഗെയിമിലും സംഭവിച്ചതു പോലെ പ്രാരംഭ നീക്കങ്ങൾക്ക് ലിറൻ കൂടുതൽ സമയമെടുത്തു.
വൈറ്റ് അഞ്ചാം നീക്കത്തിൽ കിംഗ് സൈഡ് കാസ്ലിംഗ് നടത്തിയെങ്കിലും ഗുകേഷ് തന്റെ രാജാവിനു കോട്ടകെട്ടിയത് പന്ത്രണ്ടാം നീക്കത്തിലാണ്. പതിമൂന്നാം നീക്കം ഗുകേഷ് ഇ5 നു പകരം ബിഷപ് ബി 6 കളിച്ചത് നല്ല നീക്കമായിരുന്നില്ല. പൊസിഷനിൽ ഇരുവരും തുല്യത പാലിച്ചുകൊണ്ട് മുന്നേറിയ ഈ ഗെയിം സമനിലയിലവസാനിക്കുമെന്ന പ്രതിതിയുളവാക്കി.
എന്നാൽ കരുക്കളെല്ലാം വെട്ടിമാറ്റപ്പെട്ട ശേഷം ബോർഡിൽ ഇരുവരുടെയും തേരും ബിഷപ്പും രാജാവിനൊപ്പമുണ്ടായിരുന്നു. വൈറ്റിന്റെ ഒരു പോണിനെതിരെ ബ്ലാക്കിന് രണ്ടു പോണ് ഉണ്ടായിരുന്നപ്പോഴും കളി സമനിലയിലവസാനിക്കാനായിരുന്നു. സാധ്യത. പക്ഷേ, അൻപത്തഞ്ചാം നീക്കം ലിറനു പിഴച്ചു. റൂക്കിനെ എഫ് 2 വിലേക്കു നീക്കിയത് ബ്ലണ്ടർ മൂവ് ആയി.
വിജയവഴി കണ്ടെത്തിയ ഗുകേഷ് റൂക്കും ബിഷപ്പും പരസ്പരം വെട്ടിമാറ്റി കളി പോണ് എൻഡിംഗിലേക്ക് എത്തിച്ചു. പരാജയം മുന്നിൽ കണ്ട ഡിങ് ലിറൻ ഗുകേഷിനു മുന്പിൽ കീഴടങ്ങി കളംവിട്ടു.
വിജയശ്രീലാളിതനായി ആനന്ദാശ്രുക്കൾ പൊഴിച്ച ഗുകേഷ് ചെസ് മത്സര വേദിയിൽ പാലിക്കേണ്ട മര്യാദപാലിച്ച് കരുക്കൾ ബോർഡിൽ നിരത്തിയ ശേഷമാണ് മത്സരവേദി വിട്ടത്.
പത്രസമ്മേളനത്തിനു ശേഷം മീഡിയ റൂം വിട്ടിറങ്ങിയ ലിറനെ എഴുന്നേറ്റുനിന്ന് കൈ യടിച്ച് ഗുകേഷ് യാത്രയാക്കി.
തയാറാക്കിയത്- സോബിച്ചൻ തറപ്പേൽ