കേരളം ആറാമത്; ഹരിയാന ചാന്പ്യൻ
Thursday, December 12, 2024 12:45 AM IST
ഭുവനേശ്വർ: ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന്റെ മെഡൽ കൊയ്ത്ത്. അവസാനദിനത്തിലെ മുന്നേറ്റത്തിലൂടെ കേരളം ഓവറോൾ ചാന്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ വർഷം ഒന്‍പതു സ്വർണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
2016നുശേഷം കേരളത്തിന് ഓവറോൾ ചാന്പ്യൻ പട്ടം ലഭിച്ചിട്ടില്ല. അതേസമയം, 303 പോയിന്റുമായി ഹരിയാന ഓവറോൾ കിരീടം നിലനിർത്തി. തമിഴ്നാട് (269) രണ്ടാമതും മഹാരാഷ്ട്ര (205) മൂന്നാമതുമായി.
മീറ്റിന്റെ അവസാനദിനമായ ഇന്നലെ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം സ്വന്തമാക്കി. ആകെ ആറു സ്വർണവും മൂന്നു വെള്ളിയും ഒന്‍പതു വെങ്കലവുമായി 141 പോയിന്റാണ് കേരളം സ്വന്തമാക്കിയത്.
അണ്ടർ 20 ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ അർജുൻ പ്രദീപ്, 800 മീറ്ററിൽ ജെ. ബിജോയ്, ട്രിപ്പിൾജംപിൽ മുഹമ്മദ് മുഹ്സിൻ എന്നിവർ ഇന്നലെ സ്വർണം നേടി. മുഹമ്മദ് മുഹ്സിൻ ലോംഗ്ജംപിലും സ്വർണം നേടിയിരുന്നു. അണ്ടർ 20 ആണ്‍കുട്ടികളുടെ 4x400 റിലേയിൽ കേരളം വെള്ളി നേടിയപ്പോൾ പെണ്‍കുട്ടികൾക്കു വെങ്കലം ലഭിച്ചു.
അണ്ടർ 20 പെണ്‍കുട്ടികളുടെ 200 മീറ്ററിൽ എൻ. ശ്രീന വെങ്കലമണിഞ്ഞു. അണ്ടർ 18 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ കെ. കിരണ്‍ മികച്ച അത്ലറ്റായി.