ഹിറ്റ്മാനു തിരിച്ചടി
Thursday, December 12, 2024 12:45 AM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനുള്ള മുന്നൊരുക്കത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വൻ തിരിച്ചടി.
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ 30 സ്ഥാനത്തിൽനിന്നു രോഹിത് പുറത്ത്. സൂപ്പർ താരം വിരാട് കോഹ്ലിക്കും തിരിച്ചടിയേറ്റു. ആറു സ്ഥാനം നഷ്ടപ്പെട്ട് കോഹ്ലി 20-ാം സ്ഥാനത്തായി.
ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുന്ന രോഹിത് നിലവിൽ 31-ാം റാങ്കിലാണ്. യശസ്വി ജയ്സ്വാൾ (നാല്), ഋഷഭ് പന്ത് (ഒന്പത്) എന്നിവർ മാത്രമാണ് ആദ്യ 10 സ്ഥാനത്തിനുള്ളിൽ ഉള്ള ഇന്ത്യൻ ബാറ്റർമാർ.
ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ മറികടന്ന് സഹതാരം ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്ത് എത്തിയെന്നതും ശ്രദ്ധേയം.
ബുംറ ഒന്നിൽത്തന്നെ
പുരുഷ ബൗളർമാരിൽ ഒന്നാം സ്ഥാനം ഇന്ത്യയുടെ ജസ്പ്രീത് ബുംറ നിലനിർത്തി. 890 പോയിന്റാണ് ബുംറയ്ക്ക്. ആർ. അശ്വിൻ (അഞ്ച്), രവീന്ദ്ര ജഡേജ (ആറ്) എന്നിവരാണ് ആദ്യ 10 സ്ഥാനത്തിനുള്ളിലുള്ള ഇന്ത്യൻ ബൗളർമാർ.
ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് 14 മുതൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ നടക്കും.