ബയേൺ മ്യൂണിക്, ലിവർപൂൾ, പിഎസ്ജി, റയൽ മാഡ്രിഡ് ടീമുകൾക്കു ജയം
Thursday, December 12, 2024 12:45 AM IST
മിലാൻ/ജിറോണ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ വന്പൻന്മാരായ റയൽ മാഡ്രിഡ്, ലിവർപൂൾ, പിഎസ്ജി, ബയേണ്‍ മ്യൂണിക് ടീമുകൾക്ക് എവേ പോരാട്ടത്തിൽ മിന്നും ജയം.
2024-25 ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ മൂന്നാം ജയമാണ്. ലീഗ് ടേബിളിൽ ആറു മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ബയേണ്‍ മ്യൂണിക് (12 പോയിന്റ്) എട്ടാമതും റയൽ മാഡ്രിഡ് (9 പോയിന്റ്) 18-ാമതും പിഎസ്ജി (7 പോയിന്റ്) 24-ാമതുമാണ്.
100% ലിവർപൂൾ
ചാന്പ്യൻസ് ലീഗിന്റെ 2024-25 സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ഏക ടീം എന്ന നേട്ടം ആറാം റൗണ്ടിലും നിലനിർത്തി ലിവർപൂൾ എഫ്സി. ജിറോണയ്ക്ക് എതിരായ എവേ പോരാട്ടത്തിൽ ലിവർപൂൾ 1-0നു ജയിച്ചു.
63-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സലയായിരുന്നു ഗോൾ സ്വന്തമാക്കിയത്. യുവേഫ ചാന്പ്യൻസ് ലീഗ്, യൂറോപ്യൻ പോരാട്ടങ്ങളിൽ ലിവർപൂൾ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റുമായി കളംവിടുന്നത് ഇതു മൂന്നാം തവണയാണ്.
എംബപ്പെ @50; മെസിക്കൊപ്പം
യുവേഫ ചാന്പ്യൻസ് ലീഗിൽ 50 ഗോൾ തികയ്ക്കുന്ന ഒന്പതാമതു കളിക്കാരൻ എന്ന നേട്ടത്തിൽ ഫ്രഞ്ച് താരം കിലിയൻ എംബപ്പെ എത്തിയ മത്സരത്തിൽ റയൽ മാഡ്രിഡ് 3-2നു അത് ലാന്തയെ തോൽപ്പിച്ചു. 10-ാം മിനിറ്റിലായിരുന്നു എംബപ്പെയുടെ ഗോൾ.
തുടർന്ന് വിനീഷ്യസ് ജൂണിയർ (56’), ജൂഡ് ബെല്ലിങ്ഗം (59’) എന്നിവരും റയൽ മാഡ്രിഡിനു വേണ്ടി ഗോൾ സ്വന്തമാക്കി.
ചാന്പ്യൻസ് ലീഗിൽ 50 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതിൽ ലയണൽ മെസിക്കു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തും 25 വർഷവും 356 ദിനവും പ്രായമുള്ള എംബപ്പെ എത്തി. ലയണൽ മെസിയാണ് (24 വർഷം 284 ദിവസം) പട്ടികയിൽ ഒന്നാമത്.
അഞ്ചടിച്ച് ബയേണ്‍
എവേ പോരാട്ടത്തിൽ ബയേണ്‍ മ്യൂണിക് 5-1നു ഷാക്തർ ഡോണെറ്റ്സ്കിനെയാണ് തകർത്തത്. മിഷേൽ ഒലിസ് (70’ പെനാൽറ്റി, 90+3’) ബയേണിനു വേണ്ടി ഇരട്ട ഗോൾ സ്വന്തമാക്കി. കോർണാഡ് ലൈമർ (11’), തോമസ് മ്യള്ളർ (45’), ജമാൽ മുസിയാല (87’) എന്നിവരും ജർമൻ ക്ലബ്ബിനുവേണ്ടി വലകുലുക്കി.
തോമസ് മ്യുള്ളർ യുവേഫ ചാന്പ്യൻസ് ലീഗിന്റെ 16-ാം സീസണിലും ഗോൾ നേടി എന്നതും ശ്രദ്ധേയം. ലയണൽ മെസി, കരിം ബെൻസെമ എന്നിവർ മാത്രമാണ് (18) തോമസ് മ്യുള്ളറിനു മുന്നിലുള്ളത്.
പിഎസ്ജി, ആസ്റ്റണ്‍ വില്ല
ഫ്രഞ്ച് ക്ലബ് പിഎസ്ജി സീസണിൽ രണ്ടാം ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ പിഎസ്ജി 3-0നു ആർബി സാൽസ്ബർഗിനെ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ ആസ്റ്റണ്‍ വില്ല 3-2നു ആർബി ലൈപ്സിഗിനെ മറികടന്നു. ലെവർകുസെൻ 1-0നു ഇന്റർ മിലാനെ കീഴടക്കി. ലെവർകൂസെൻ (13), ആസ്റ്റണ്‍ വില്ല (13), ഇന്റർ മിലാൻ (13) ടീമുകളാണ് പോയിന്റ് ടേബിളിൽ ലിവർപൂളിനുപിന്നിൽ.