ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ 13-ാം റൗണ്ടും സമനില; ഇന്ന് അവസാന റൗണ്ട് പോരാട്ടം
Thursday, December 12, 2024 12:45 AM IST
സോബിച്ചൻ തറപ്പേൽ
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ പെനൾട്ടിമേറ്റ് റൗണ്ട് മത്സരത്തിൽ ലോകചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ചലഞ്ചർ ഇന്ത്യയുടെ ഡി. ഗുകേഷും സമനിലയിൽ പിരിഞ്ഞു.
വെള്ള കരുക്കളുമായി കളത്തിലിറങ്ങിയ ഗുകേഷിന് കളിയുടെ മധ്യഘട്ടത്തിൽ മുൻതൂക്കം നേടാനായെങ്കിലും ശക്തമായി പ്രതിരോധിച്ച ഡിങിനു മേൽ വിജയിക്കാനായില്ല. ക്ലാസിക്കൽ ഫോർമാറ്റിലുള്ള അവസാന ഗെയിം ഇന്നു നടക്കുന്പോൾ ഡിങ് ലിറനാണ് വെള്ള കരുക്കളുടെ ആനുകൂല്യം ലഭിക്കുക. ഇന്നു നടക്കുന്ന 14-ാം ഗെയിമിൽ വിജയിക്കുന്നയാൾ ലോക കിരീടമണിയും. സമനിലയാണ് ഫലമെങ്കിൽ ഏഴു പോയിന്റുമായി ഇരുവരും തുല്യത പാലിക്കും.
സമനില മറികടന്ന് കിരീടത്തിലേക്കുള്ള പോരാട്ടത്തിനായി പിന്നീടുള്ളത് അതിവേഗ നീക്കങ്ങളുടെ മത്സരമായ റാപ്പിഡ് ഗെയിമുകളാണ്. നാലു റാപ്പിഡ് ഗെയിം കളിക്കുന്പോഴും സമനില തകർക്കാനാകുന്നില്ലെങ്കിൽ മിന്നൽ നീക്കങ്ങളുടെ മത്സരമായ ബ്ലിറ്റ്സ് ഗെയിമുകളിലേക്ക് മത്സരം നീളും. വിജയിയെ തീരുമാനിക്കും വരെ ബ്ലിറ്റ്സ് ഗെയിമുകൾ കളിക്കും.
13-ാം ഗെയിമിൽ ഇ4 കളിച്ച് നീക്കങ്ങളാരംഭിച്ച ഗുകേഷിനെതിരെ ഫ്രഞ്ചു ഡിഫൻസാണ് ഡിങ് സ്വീകരിച്ചത്. ചാന്പ്യൻഷിപ്പിൽ ഗുകേഷ് മൂന്നാം തവണയാണ് ഇതേ നീക്കത്തോടെ കളിയാരംഭിക്കുന്നത്. എട്ടാം നീക്കം ഗുകേഷ് ബിഷപ്പ് ഇ3 കളിച്ചപ്പോൾ മാറ്റേഴ്സ് ഡേറ്റാബേസിൽ ഇതിനു മുൻപ് ആരും ഇപ്രകാരമുള്ള നീക്കങ്ങൾ നടത്തിയതായി കാണുന്നില്ലെന്ന് ഫിഡെ ബ്രോഡ്കാസ്റ്റ് ചെയ്തു.
ആദ്യ നീക്കങ്ങൾക്കായി പതിവു പോലെ ഡിങ് ലിറൻ കൂടുതൽ സമയമെടുത്തപ്പോൾ മധ്യനിരയിലെ നീക്കങ്ങൾക്ക് ഗുകേഷ് കൂടുതൽ സമയം ചെലവിട്ടു. ആദ്യ 20 നീക്കങ്ങൾ കഴിഞ്ഞപ്പോൾ ഇരുവർക്കും 35 മിനിറ്റാണ് ക്ലോക്കിൽ അവശേഷിച്ചത്. 26-ാം നീക്കം പൂർത്തിയായപ്പോഴും ബ്ലാക്കിന്റെ വെള്ള കളത്തിലെ ബിഷപ് പോർമുഖത്തിറങ്ങിയില്ലെന്നത് ഡിങിനു തിരിച്ചടിയായി.
31-ാം നീക്കത്തിൽ നേരിട്ട് ഗുകേഷ് കുതിരയെ ഇ4ൽ കളിക്കാതെ ‘ഇ’ ഫയലിലുള്ള റൂക്കുകൾ വെട്ടി മാറിയശേഷം ഇ4ൽ വന്നിരുന്നുവെങ്കിൽ ഗുകേഷിനു വിജയവഴി തെളിയുമായിരുന്നു. എന്നാൽ, ആ അവസരം പ്രയോജനപ്പെടുത്താൻ ഗുകേഷിനായില്ല. 53-ാം നീക്കത്തിൽ ഗുകേഷിന് കളത്തിൽ ഒരു പോണ് ലീഡ് ലഭിച്ചു.
റൂക്കും രണ്ടു പോണിനുമെതിരേ റൂക്കും മൂന്നു പോണുകളുമായി നീങ്ങിയ വൈറ്റിന് വിജയം കണ്ടെത്താൻ അതു മതിയായിരുന്നില്ല. 69-ാം നീക്കത്തിൽ ത്രീഫോൾഡ് റെപ്പറ്റീഷനിലൂടെ കളി സമനിലയിലായി.