ലോക സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ ഇന്ത്യ ക്വാർട്ടറിൽ
Thursday, December 12, 2024 12:45 AM IST
ഹോങ്കോംഗ്: ഡബ്ല്യുഎസ്എഫ് ലോക ടീം സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ ഇടംനേടി. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇന്ത്യൻ വനിതകൾ ലോക ടീം സ്ക്വാഷ് ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.
ഓസ്ട്രേലിയയെ 1-2നു കീഴടക്കിയായിരുന്നു ഇന്ത്യയുടെ ക്വാർട്ടർ പ്രവേശം. ഹോങ്കോംഗിൽ അരങ്ങേറുന്ന പോരാട്ടത്തിൽ ഇന്ത്യയുടെ അനാഹത് സിംഗ് 11-9, 11-6, 11-8ന് ഓസ്ട്രേലിയയുടെ ജെസീക്ക വാൾട്ടിനെ തോൽപ്പിച്ച് ലീഡ് നേടി.
എന്നാൽ, രണ്ടാം മത്സരത്തിൽ 206-ാം റാങ്കുകാരിയായ നിരുപമ ദുബെ ഓസ്ട്രേലിയയുടെ സാറ കാർഡ് വെല്ലിനെ തോൽപ്പിച്ചു. സ്കോർ: 11-8, 8-11, 9-11, 9-11. അതോടെ മത്സരം 1-1 സമനിലയിൽ. തുടർന്നു നിർണായകമായ മൂന്നാം മത്സരത്തിൽ അലക്സ് ഹെയ്ഡനെ 8-11, 5-11, 6-11നു കീഴടക്കി അകൻക്ഷ ഇന്ത്യയെ ക്വാർട്ടറിലേക്കു കൈപിടിച്ചു.
2012ൽ ഫ്രാൻസിലെ നിംസിൽവച്ചു നടന്ന ലോക ടീം ചാന്പ്യൻഷിപ്പിലായിരുന്നു ഇന്ത്യൻ വനിതകൾ ഇതിനു മുന്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. നിലവിലെ റണ്ണേഴ്സ് അപ്പാണ് അമേരിക്ക. മുൻതാരം ജോഷ്ന ചിന്നപ്പയാണ് ഇന്ത്യയുടെ വനിതാ ടീം കോച്ച്.
മലേഷ്യയെ തകർത്ത് പുരുഷന്മാർ
വനിതകൾ ഓസ്ട്രേലിയയെ കീഴടക്കിയാണു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതെങ്കിൽ പുരുഷന്മാർ മലേഷ്യയെ അട്ടിമറിച്ചും അവസാന എട്ടിൽ ഇടംനേടി. അഞ്ചാം സീഡായ മലേഷ്യയെ 1-2നാണ് ഇന്ത്യൻ പുരുഷന്മാർ കീഴടക്കിയത്.
ആദ്യ മത്സരത്തിൽ ഇന്ത്യയുടെ അഭയ് സിംഗ് 3-0നു പരാജയപ്പെട്ടശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവു ജയം. രണ്ടാം മത്സരത്തിൽ വീർ ചോത്രാണിയും (3-0) മൂന്നാം മത്സരത്തിൽ വേലവൻ സെന്തിൽകുമാറും (3-1) ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ക്വാർട്ടറിലേക്ക് മുന്നേറി.