പുടിൻ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു
Tuesday, April 29, 2025 1:13 AM IST
മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് സേന വിജയം നേടിയതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ യുക്രെയ്നുമായുള്ള യുദ്ധത്തിൽ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചു. മേയ് എട്ടു മുതൽ 10 വരെ 72 മണിക്കൂറാണ് വെടി നിർത്തുക.
ഇക്കാലയളവിൽ റഷ്യ സൈനിക നടപടികൾ നിർത്തിവയ്ക്കുമെന്ന് ക്രെംലിൻ അറിയിച്ചു. യുക്രെയ്നും വെടി നിർത്താൻ തയാറാകുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നു. യുക്രെയ്ൻ സേന ആക്രമണത്തിനു മുതിർന്നാൽ റഷ്യ ശക്തമായ തിരിച്ചടി നല്കുമെന്നും അറിയിപ്പിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരം വെടിനിർത്തലിനായി റഷ്യക്കും യുക്രെയ്നുംമേൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് പുടിന്റെ നീക്കങ്ങൾ. നേരത്തേ ഈസ്റ്ററിനോടനുബന്ധിച്ചും പുടിൻ ഏകപക്ഷീയിയമായി 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് യുക്രെയ്നും വെടി നിർത്തുമെന്നറിയിച്ചു. എന്നാൽ വെടിനിർത്തൽ കാലയളവിൽ ആക്രമണം നേരിട്ടതായി റഷ്യയും യുക്രെയ്നും ആരോപിച്ചു.