പ്രകോപനവുമായി പാക്കിസ്ഥാൻ; സിംല കരാർ മരവിപ്പിച്ചു
Friday, April 25, 2025 2:33 AM IST
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കിയത് ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി പാക്കിസ്ഥാനു മറുപടി നല്കിയ ഇന്ത്യക്കെതിരേ പ്രകോപനവുമായി പാക്കിസ്ഥാൻ. സിംല കരാർ ഉൾപ്പെടെയുള്ള ഉഭയകക്ഷി ഉടന്പടി മരവിപ്പിച്ച പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവച്ചു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനത്തെ ജലയുദ്ധമെന്നാണു പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്റെ കാർഷികമേഖലയെ വൻ പ്രതിസന്ധിയിലാക്കുന്നതാണ് ഇന്ത്യയുടെ നടപടി.
വാഗാ അതിർത്തി പോസ്റ്റ് പാക്കിസ്ഥാൻ അടച്ചു. ബുധനാഴ്ച അട്ടാരി അതിർത്തി പോസ്റ്റ് ഇന്ത്യ അടച്ചിരുന്നു. ഇന്ത്യക്കാർക്കുള്ള എസ്വിഇഎസ് വീസകൾ റദ്ദാക്കി. ഇന്ത്യൻ ഹൈക്കമ്മീഷനിലെ മിലിട്ടറി ഉപദേശകരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറയ്ക്കും. ബുധനാഴ്ച ഇന്ത്യ ഇതേ നടപടികൾ കൈക്കൊണ്ടിരുന്നു.
2019ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷവും പാക്കിസ്ഥാൻ ഇന്ത്യക്ക് വ്യോമപാത നിഷേധിച്ചിരുന്നു. വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചത് ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെത്താൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും.
അതേസമയം, ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാൻ നിർത്തിവയ്ക്കാനുള്ള തീരുമാനം ഇന്ത്യക്ക് ഒരു ആഘാതവുമുണ്ടാക്കില്ലെന്ന് സാന്പത്തിക വിദഗ്ധർ പറയുന്നു. ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 0.06 ശതമാനം മാത്രമാണു പാക്കിസ്ഥാനുമായുള്ളത്.
2024-25 ഏപ്രിൽ-ജനുവരി കാലത്ത് പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 44.76 കോടി ഡോളറിന്റേതാണ്. പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിയാകട്ടെ, വെറും 4.2 ലക്ഷം ഡോളറിന്റേതാണ്.