ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺക്ലേവ് മേയ് ഏഴു മുതൽ
Tuesday, April 29, 2025 2:50 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ നിർണായക കോൺക്ലേവ് മേയ് ഏഴിന് ആരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ വത്തിക്കാനിൽ നടന്ന കർദിനാൾ സംഘത്തിന്റെ പൊതുയോഗം കോൺക്ലേവിന്റെ തീയതി തീരുമാനിച്ചത്.
കും, ക്ലാവേ എന്നീ രണ്ടു ലത്തീൻ വാക്കുകൾ സംയോജിപ്പിച്ചതാണ് കോൺക്ലേവ് എന്ന പദം. "താക്കോൽ സഹിതം' എന്നർഥം. കർദിനാൾമാർ അകത്തു പ്രവേശിക്കുന്പോൾ വാതിൽ പൂട്ടുന്നതുകൊണ്ടാണ് ഈ പേര്.
കോൺക്ലേവിനു മുന്നോടിയായി മേയ് ഏഴിനു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ’ എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്.
വിശുദ്ധ കുർബാനയെത്തുടർന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈൻ ചാപ്പലിലേക്കു നീങ്ങും. ഫോണുൾപ്പെടെ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാർഡുകളുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതിനുശേഷം ദേഹപരിശോധനയ്ക്കുശേഷമാണ് അവർ കോൺക്ലേവിനായി ചാപ്പലിൽ പ്രവേശിക്കുക. ഇതോടെ ഡീൻ ചാപ്പലിന്റെ വാതിൽ അടയ്ക്കും. തുടര്‍ന്ന് പരിശുദ്ധാത്മാവിന്റെ വരദാനത്തിനായും മാർഗനിർദേശത്തിനായും പ്രാർഥിച്ചശേഷം പ്രതിജ്ഞയെടുക്കും. പിന്നീട് നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യസ്വഭാവത്തോടെയായിരിക്കും. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്താൽ മാത്രമേ ചാപ്പലിന്റെ വാതിൽ തുറക്കൂ. അതുവരെ കർദിനാൾമാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. താമസവും ഭക്ഷണവുമെല്ലാം സിസ്റ്റൈൻ ചാപ്പലിനുള്ളിൽ തയാറാക്കിയിരിക്കുന്ന സ്ഥലത്തായിരിക്കും.
സിക്സ്റ്റസ് നാലാമൻ മാർപാപ്പയാണ് ഈ ചാപ്പൽ നിർമിച്ചത്(1473-1481). അദ്ദേഹം പണിയിച്ചതുകൊണ്ടാണ് സിസ്റ്റൈൻ എന്ന പേരുണ്ടായത്. വിശ്രുത കലാകാരൻ മൈക്കലാഞ്ചലോ ഈ ചാപ്പലിന്റെ മദ്ബഹാഭിത്തിയിൽ അന്ത്യവിധിയുടെ ചിത്രം രചിക്കുന്നത് 1535-41 വർഷങ്ങളിലാണ്.
250 ലധികം അംഗങ്ങളുള്ള കർദിനാൾ സംഘത്തിലെ 80 വയസിൽ താഴെ പ്രായമുള്ള 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. 72 രാജ്യങ്ങളിൽനിന്നുള്ള കർദിനാൾ ഇലക്ടേഴ്സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാൾ തന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നതോടെയാണു മാർപാപ്പയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്.
സിസ്റ്റൈൻ ചാപ്പൽ അടച്ചു, ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ
കോൺക്ലേവിന്റെ തീയതി പ്രഖ്യാപിച്ചതോടെ സിസ്റ്റൈന്‍ ചാപ്പലിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചാപ്പൽ ഇന്നലെ അടച്ചു. പുതിയ പുകക്കുഴൽ സ്ഥാപിക്കുന്നതടക്കം അല്പം അറ്റകുറ്റപ്പണികൾ ഉടൻ നടത്തും.
മാർപാപ്പയെ തെരഞ്ഞെടുത്ത സന്തോഷവാർത്ത ലോകത്തോടു വിളംബരം ചെയ്ത് സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽനിന്നു വെള്ള പുക ഉയരുകയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകൾ വത്തിക്കാൻ ചത്വരത്തിൽ ബാൻഡ് വാദ്യവുമായി വലംവയ്ക്കുകയും ചെയ്യും.
തുടർന്ന് കർദിനാൾ സംഘത്തിലെ മുതിർന്നയാൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി "ഹാബേമുസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തും. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി അഭിസംബോധന ചെയ്യും.
കോൺക്ലേവ് രണ്ടുദിവസത്തിലധികം നീണ്ടേക്കും
ഇതിനുമുന്‍പ് 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും കേവലം രണ്ടുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. എന്നാൽ ഇക്കുറി കോൺക്ലേവ് നീണ്ടുപോകാനുള്ള സാധ്യതയേറെയാണെന്നാണ് സ്വീഡിഷ് കർദിനാൾ ആൻഡേഴ്സ് ആർബൊറെലിയസ് ഇന്നലെ പറഞ്ഞത്.
കർദിനാൾ സംഘത്തിലെ ഭൂരിഭാഗം പേരും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തു നിയമിതരായവരായതിനാൽ ആദ്യം ഇവരെല്ലാം പരസ്പരം പരിചയപ്പെടുന്ന ചടങ്ങായിരിക്കും നടക്കുകയെന്നും കർദിനാൾ ആൻഡേഴ്സ് വിശദീകരിച്ചു.