ആദരമർപ്പിച്ച് ലോകനേതാക്കൾ
Sunday, April 27, 2025 2:11 AM IST
വത്തിക്കാൻ സിറ്റി: സമീപകാലത്തു ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകനേതാക്കളുടെ സംഗമത്തിനാണ് വത്തിക്കാൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കം 158 വിദേശരാജ്യ പ്രതിനിധിസംഘങ്ങളാണ് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തത്.
രാഷ്ട്രപതിക്കു പുറമേ കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വാ ഡിസൂസ എന്നിവരും ഇന്ത്യൻ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ തുടങ്ങിയ പ്രമുഖരും ശുശ്രൂഷകളിൽ സംബന്ധിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം അടക്കം ചെയ്ത പെട്ടിക്കു സമീപമായിരുന്നു വിശിഷ്ട വ്യക്തികളുടെ സ്ഥാനം. മാർപാപ്പയുടെ സ്വദേശമായ അർജന്റീനയിലെ പ്രസിഡന്റ് ഹാവിയർ മിലേ ആണ് ഏറ്റവും മുൻനിരയിൽ ആദ്യസിറ്റീലിരുന്നത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തരെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരായിരുന്നു തുടർന്നുള്ള സീറ്റുകളിൽ. ഇവർക്കുശേഷം വത്തിക്കാൻ നയതന്ത്രഭാഷയായ ഫ്രഞ്ചിലെ അക്ഷരമാലാ ക്രമത്തിലായിരുന്നു വിശിഷ്ട വ്യക്തികളുടെ സ്ഥാനം. രാഷ്ട്രപതി ദ്രൗപദി മുർമു, ഡോണൾഡ് ട്രംപ്, ഭാര്യ മെലാനിയ, മക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി തുടങ്ങിയവർ മുൻനിരയിലായിരുന്നു.
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ജിൽ ബൈഡൻ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ, പോളണ്ട് പ്രസിഡന്റ് ആന്ദ്രസെയ് ദൂദ, ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയി അബിനാദർ, ബെർജിയം രാജാവ് ഫിലിപ്പ്-മെറ്റിൽഡ രാജ്ഞി, ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ, ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലാനോവിച്ച്, ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവ, ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, മോൾഡോവ പ്രസിഡന്റ് മിയ സന്ദു, ലാത്വിയ പ്രസിഡന്റ് എഡ്ഗാർ റിൻകെവിച്ച്സ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ, സ്വീഡനിലെ കാൾ പതിനാറാമൻ-സിൽവിയ രാജ്ഞി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഡെന്മാർക്കിലെ മേരി രാജ്ഞി, ചൈനീസ് വൈസ് പ്രസിഡന്റ് ചെൻ ചിൻ ജെൻ, ജോർദാനിലെ അബ്ദുള്ള രാജാവ്-റാനിയ രാജ്ഞി, മൊണാക്കോയിലെ ആൽബർട്ട് രാജകുമാരൻ-ഷാർലെറ്റ് രാജകുമാരി, ഹംഗറിയിലെ പ്രസിഡന്റ് തമാസ് സുൽയോക്, പ്രധാനമന്ത്രി വിക്തർ ഓർബൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർത്ത മെത്സോള തുടങ്ങിയവർ വിശിഷ്ട വ്യക്തികളുടെ സംഘത്തിലുണ്ടായിരുന്നു.
കബറടക്ക ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചത് ആറു ലക്ഷത്തോളം പേർ
കബറടക്ക ശുശ്രൂഷകൾ നടന്ന സെന്റ് പീറ്റേഴ്സ് ചത്വരവും പുറമേ വത്തിക്കാനിലെയും റോമിലെയും നിരത്തുകൾ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. അതിനാൽതന്നെ ചുരുങ്ങിയത് ആറു ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തെന്നാണ് നിഗമനം.
ശുശ്രൂഷകളിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച രാത്രിയിൽതന്നെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികൾ ക്യൂവിൽനിലയുറപ്പിച്ചിരുന്നു. പലരും ഉറക്കമുപേക്ഷിച്ചാണ് മണിക്കൂറുകളോളം ക്യൂവിൽ നിന്നത്. രാവിലെ വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാപരിശോധനകൾക്കുശേഷമാണ് വിശ്വാസികളെ ചത്വരത്തിലേക്കു കയറ്റിവിട്ടത്.
സുരക്ഷയ്ക്ക് യുദ്ധവിമാനങ്ങളും
ഇറ്റാലിയൻ സൈന്യവും പോലീസും ഒരുക്കിയ സുരക്ഷാവലയത്തിലാണ് കബറടക്ക ശുശ്രൂഷകൾ നടന്നത്. സൈന്യത്തിലെ എണ്ണായിരത്തോളം കമാൻഡോസംഘവും മൂവായിരത്തോളം പോലീസുകാരുമാണ് സുരക്ഷയ്ക്കു നേതൃത്വം നൽകിയത്.
ഇതിനു പുറമെ വിശ്വാസികളെ സഹായിക്കുന്നതിനായി നൂറുകണക്കിന് വോളന്റിയർമാരും രംഗത്തുണ്ടായിരുന്നു. വിലാപയാത്ര കടന്നുപോയ ആറ് കിലോമീറ്റർ റോഡിലെ കെട്ടിടങ്ങളിലെല്ലാം യന്ത്രത്തോക്കുകളുമായി സൈനികർ നിലയുറപ്പിച്ചിരുന്നു.
യുദ്ധവിമാനങ്ങളും ഡ്രോണുകളും മിസൈലുകളും സജ്ജമാക്കിയിരുന്നു. വ്യോമസേനയുടെ നിരീക്ഷണവിമാനങ്ങൾ ഇടവിട്ട് വത്തിക്കാൻ ചത്വരത്തിനു മുകളിലൂടെ പറന്ന് സ്ഥിതിഗതികൾ വിലയിരുത്തി.