ബലൂചിസ്ഥാനില്‍ സ്ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു
Sunday, April 27, 2025 2:11 AM IST
ക്വറ്റ: പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്ഫോടനത്തിൽ പത്ത് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാര്‍ഗത് ചൗക്കിയില്‍ വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു.
പാക് സൈന്യത്തിന്റെ വാഹനവ്യൂഹം ലക്ഷ്യമാക്കി വിദൂരനിയന്ത്രിത സ്ഫോടക വസ്തു ഉപയോഗിക്കുകയായിരുന്നുവെന്ന് ബിഎൽഎ അവകാശപ്പെട്ടു. പാക് സൈന്യത്തിനെതിരേ പോരാട്ടം കൂടുതല്‍ തീവ്രതയോടെ തുടരുമെന്ന് ബിഎൽഎ വക്താവ് ജിയന്ദ് ബലൂച് അറിയിച്ചു.
വ്യാഴാഴ്ച ബിഎൽഎ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സമുറാൻ, കോൽവ, കലാജ് ജില്ലകളിലായിരുന്നു ആക്രമണം. ചില മേഖലകളിലെ സുരക്ഷാ പോസ്റ്റുകളും ബിഎൽഎ പിടിച്ചെടുത്തിരുന്നു.