വത്തിക്കാനും റോമും സുരക്ഷാവലയത്തിൽ
Saturday, April 26, 2025 12:38 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് നടക്കാനിരിക്കേ പഴുതടച്ച സുരക്ഷയാണു വത്തിക്കാനിലും റോം നഗരത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിലെ പ്രത്യേക പരിശീലനം നേടിയ 8000ത്തോളം വരുന്ന കമാൻഡോവിഭാഗമാണു സുരക്ഷയ്ക്കു നേതൃത്വം നൽകുന്നത്.
ഇതിനുപുറമെ 2000 പോലീസുകാർ യൂണിഫോമിലും 1400 പോലീസുകാർ മഫ്തിയിലും വിവിധ മേഖലകളിലുണ്ടാകും. സ്നിപ്പർ യൂണിറ്റുകൾ, മിസൈൽ ലോഞ്ചറുകൾ, ഡ്രോൺ വേധ സംവിധാനം, ബോംബ് സ്ക്വാഡ്, ഡോഗ്സ്ക്വാഡ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്.
നാറ്റോയുടെ അവാക്സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വത്തിക്കാനുമുകളിൽ സദാ നിരീക്ഷണം നടത്തുന്നുണ്ട്. വിദേശരാഷ്ട്ര തലവന്മാരുടെ സുരക്ഷ മുൻനിർത്തി റോമിൽ 24 മണിക്കൂർ സമയത്തേക്ക് വ്യോമഗതാഗത നിരോധിത മേഖല നേരത്തേതന്നെ നിലവിൽവന്നിരുന്നു.
റോമിൽനിന്നു വത്തിക്കാനിലേക്കുള്ള റോഡരികിലെ കെട്ടിടങ്ങൾക്കു മുകളിൽ സായുധരായ പോലീസിന്റെ പ്രത്യേക സംഘമുണ്ടായിരിക്കും.
വത്തിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് ചത്വരത്തിനുള്ളിൽ വിശ്വാസികളെ സഹായിക്കുന്നതിനായി 2500 വോളന്റിയർമാരെ നിയോഗിച്ചതായി ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു.
ചത്വരത്തിലും പരിസരങ്ങളിലുമായി ആംബുലൻസ് സൗകര്യങ്ങളുമായി 500 ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് റീജണൽ ഹെൽത്ത് സർവീസ് ഏജൻസി വക്താവ് പിയെർഫ്രാൻസെസ്കോ ദെമിലിറ്റോ അറിയിച്ചു. കബറടക്കം നടക്കുന്ന റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയും സുരക്ഷാവലയത്തിലാണ്.