സമാധാനത്തിന് ഭൂമി വിട്ടുകൊടുക്കേണ്ടിവരും: കീവ് മേയർ
Saturday, April 26, 2025 12:38 AM IST
ലണ്ടൻ: താത്കാലികമായിട്ടെങ്കിലും സമാധാനമുണ്ടാക്കാൻ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്നു യുക്രെയ്ന്റെ തലസ്ഥാനമായ കീവിലെ മേയർ വിറ്റാളി ക്ലിഷ്ച്കോ.
യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കുന്നതു ശരിയായ നടപടിയല്ലെന്നും മുൻ ബോക്സർകൂടിയായ വിറ്റാളി ചൂണ്ടിക്കാട്ടി. പക്ഷേ, തത്കാലത്തേക്കെങ്കിലും സമാധാനമുണ്ടാകാൻ അതു വേണ്ടിവരുമെന്ന് ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
റഷ്യക്കു ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്ന് പരസ്യമായി സമ്മതിക്കുന്ന ആദ്യ മുതിർന്ന യുക്രെയ്ൻ രാഷ്ട്രീയ നേതാവാണു വിറ്റാളി. പ്രസിഡന്റ് സെലൻസ്കിയും വിറ്റാളിയും രാഷ്ട്രീയ എതിരാളികളാണ്.