വെടിനിർത്തൽ ചർച്ച: ആദ്യം സന്നദ്ധത അറിയിക്കേണ്ടത് യുക്രെയ്നെന്ന് റഷ്യ
Tuesday, April 29, 2025 1:13 AM IST
മോസ്കോ: വെടിനിർത്തലിനായി നേരിട്ടു ചർച്ച നടത്താനുള്ള സന്നദ്ധത യുക്രെയ്നാണ് ആദ്യം അറിയിക്കേണ്ടതെന്ന് റഷ്യ. റഷ്യയുമായി നേരിട്ടു ചർച്ചകൾ നടത്തുന്നത് യുക്രെയ്ൻ നിയമം മൂലം നിരോധിച്ചിരിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച റഷ്യയിലെത്തിയ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നേരിട്ടു ചർച്ച നടത്താനുള്ള നിർദേശം മുന്നോട്ടു വച്ചിരുന്നുവെന്നും പെസ്കോവ് അറിയിച്ചു.
2022 മാർച്ചിലാണ് ഇരു രാജ്യങ്ങളും അവസാനമായി നേരിട്ടു ചർച്ച നടത്തിയത്. യുക്രെയ്ന്റെ നാലു പ്രദേശങ്ങൾ റഷ്യയോടു കൂടിച്ചേർത്തതിനു പിന്നാലെ നേരിട്ടുള്ള ചർച്ചകൾ വിലക്കി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വെടിനിർത്തലുണ്ടായാൽ മാത്രം റഷ്യയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്നാണ് സെലൻസ്കി ശനിയാഴ്ച വത്തിക്കാനിൽ യുഎസ് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയത്.