വിശ്വാസികൾ ആർത്തുവിളിച്ചു സാന്തോ സുബിതോ...
Sunday, April 27, 2025 2:11 AM IST
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വര ത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ ""സാന്തോ സുബിതോ...'' (ഉടനെ വിശുദ്ധനാക്കൂ) ഉദ്ഘോഷണങ്ങൾക്കിടയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം നിത്യവിശ്രമത്തിനായി, അദ്ദേഹം സ്വയം തെരഞ്ഞെടുത്ത റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലേക്ക് (മേരി മേജർ ബസിലിക്ക) സംവഹിക്കപ്പെട്ടു.
മുൻകൂട്ടി അറിയിച്ചതുപ്രകാരം പ്രാദേശികസമയം ഇന്നലെ രാവിലെ പത്തിനുതന്നെ കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. പുലർച്ചെതന്നെ വത്തിക്കാനിലേക്കുള്ള വഴികളെല്ലാം വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. അക്ഷരാർഥത്തിൽ വത്തിക്കാൻ ലോകത്തിന്റെ തലസ്ഥാനമായി മാറി.
റോമാക്കാർക്ക് റോം ""കപ്പൂത്ത് മുന്തി''യാണ്(ലോകതല സ്ഥാനം) ഇറ്റലിയുടെ അനുഗൃഹീത ശില്പിയായ ബെർണീനി വിഭാവനം ചെയ്ത അതിമനോഹരമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിന്, എല്ലാവരെയും ഉൾക്കൊള്ളാൻ കൈവിരിച്ചു നിൽക്കുന്ന സഭയാകുന്ന അമ്മയുടെ രൂപമാണ്.
ഹൃദയം തുറന്ന് എല്ലാവരെയും സ്നേഹിക്കുകയും ജനങ്ങൾക്കിടയിൽ ജീവിക്കാനാഗ്രഹിക്കുകയും ചെയ്ത മാർപാപ്പയെ യാത്രയാക്കാൻ ചത്വരത്തിലും സമീപത്തുമായി മാത്രം എത്തിയത് മൂന്നു ലക്ഷത്തിലേറെ ആളുകൾ.
കർദിനാൾ കോളജിന്റെ ഡീൻ കർദിനാൾ ജോവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ 220 കർദിനാൾമാരും 750 ബിഷപ്പുമാരും നാലായിരത്തിലധികം വൈദികരും സഹകാർമികരായി.
വിശുദ്ധ കുർബാന ഒന്നരമണിക്കൂർ നീണ്ടു. പരസ്പരം പോരടിക്കുകയും വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ലോകനേതാക്കൾ വിശുദ്ധ കുർബാനയ്ക്കിടയിൽ പരസ്പരം കൈ കൊടുക്കുന്നതും പുഞ്ചിരിക്കുന്നതും ജനക്കൂട്ടത്തിന് കൗതുകക്കാഴ്ചയായി.
യുദ്ധങ്ങൾ ഒഴിവാക്കി സമാധാനം സ്ഥാപിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ നിർദേശം കർദിനാൾ റേ സുവിശേഷ പ്രസംഗത്തിൽ അനുസ്മരിപ്പിച്ചപ്പോൾ ജനക്കൂട്ടം ഹർഷാരവം മുഴക്കിയതും പോരടിക്കുന്ന ലോകനേതാക്കൾക്കുള്ള താക്കീതായി.
വിശുദ്ധ കുർബാനയെത്തുടർന്ന് പരേതാത്മാവിന്റെ നിത്യശാന്തിക്കുവേണ്ടിയുള്ള ലത്തീൻ ക്രമത്തിലെ പ്രാർഥനകളോടൊപ്പം ആഗോളസഭയുടെ പൗരസ്ത്യ പാരമ്പര്യത്തിൽനിന്നുള്ള പ്രാർഥനകളും സഭാപിതാക്കന്മാർ ചേർന്നു നടത്തിയത് സഭയുടെ കൂട്ടായ്മയുടെ നിദർശനവുമായി.
ശ്രദ്ധേയമായി വിലാപയാത്ര
കത്തോലിക്കാ സഭ അടുത്ത നൂറ്റാണ്ടുകളിലൊന്നും സാക്ഷ്യംവഹിക്കാത്ത വിലാപയാത്രയാണ് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നത്. സെന്റ് പീറ്റേഴ്സിൽനിന്നു മൃതദേഹം സാന്താ മാർത്താ ചത്വരത്തിലേക്കും തുടർന്ന് പെറുജിനോ കവാടത്തിലൂടെ റോമാ നഗരത്തിലേക്കും സംവഹിക്കുന്പോൾ സെന്റ് പീറ്റേഴ്സിലെ ഭീമാകാരമായ പള്ളിമണികൾ ദുഃഖസാന്ദ്രമായി മുഴങ്ങിക്കൊണ്ടിരുന്നു. വിടവാങ്ങുന്നേൻ...
വത്തിക്കാനിൽനിന്നു വെനീസ് ചത്വരത്തിലൂടെ റോമൻ ഫോറം ഉൾപ്പെടുന്ന വഴിയിലൂടെ കൊളോസിയത്തിലെത്തി അവിടെനിന്ന് വിശാലമായ മേരുളാന റോഡിലൂടെ, കബറടക്കസ്ഥലമായ റോമിലെ മേരി മേജർ ബസിലിക്കയിലെത്തിയ ഒരു ചരിത്രയാത്ര.
ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ നിരവധി ദുഃഖവെള്ളികളിൽ കുരിശിന്റെ വഴി നടത്തിയത് കൊളോസിയത്തിലാണ്. ആ സ്മരണകൾ ഉണർത്തുന്ന കൊളോസിയത്തിനരികിലൂടെ, മാർപാപ്പമാരുടെ വഴി എന്നറിയപ്പെടുന്ന മേരുളാന റോഡിലേക്ക് വിലാപ യാത്ര പ്രവേശിച്ചു. റോമൻ രൂപതയുടെ കത്തീഡ്രലായ ജോൺ ലാറ്ററൻ ബസിലിക്കയെയും മേരി മേജർ ബസിലിക്കയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. വത്തിക്കാനിലേക്കു താമസം മാറുന്നതുവരെ മാർപാപ്പമാരുടെ തിരുനാൾ പ്രദക്ഷിണങ്ങളെല്ലാം നടന്ന വഴി. ഇരുവശങ്ങളിലും ഹർഷാരവം മുഴക്കി കാത്തുനിന്ന ജനക്കൂട്ടത്തിനു നടുവിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ അവസാനമായി കടന്നുവന്നത്.
സാവധാനം മാതാവിന്റെ പള്ളിയെ സമീപിച്ച പോപ്മൊബീലിനെ എതിരേറ്റത് ഫ്രാൻസിസ് മാർപാപ്പയുടെ സുഹൃത്തുക്കളായ സാധാരണക്കാരുടെ പ്രതിനിധികൾ ചേർന്ന്. ലോകനേതാക്കളെയും അഗതികളെയും ചേർത്തുനിർത്തിയ മാർപാപ്പ തന്റെ പ്രിയപ്പെട്ട പള്ളിയിൽ വളരെ ലളിതമായി രൂപകല്പന ചെയ്ത കബറിടത്തിൽ നിത്യവിശ്രമം കൊള്ളുന്നു.
ഏറ്റവുമവസാനം "" രാജകന്യകേ (സാൽവേ റെജീന) എന്ന ഒരു സഹാസ്രാബ്ദത്തിലേറെ പഴക്കമുള്ള മരിയൻഗീതം ലത്തീനിൽ ആലപിച്ചു."" ഞങ്ങളുടെ ഭൂമിയിലെ പ്രവാസത്തിനുശേഷം ഈശോമിശിഹായെ കാണിച്ചുതരണമേ'' എന്ന അവസാനവരി പാടുന്പോൾ പലരും കണ്ണീരണിഞ്ഞു. അങ്ങനെ മാതൃസവിധത്തിൽ ഫ്രാൻസിസ് പാപ്പായ്ക്ക് വിടയേകിയതോടെ സംസ്കാരശുശ്രൂഷകൾക്കു വിരാമമായി.
കബറിടം ഇന്നു രാവിലെ മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം
ഇന്നു രാവിലെ മേരി മേജർ ബസിലിക്കയിലെ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കബറടക്കത്തിനുശേഷം ഇന്നലെ രാത്രി ഇവിടെ ജപമാലപ്രാർഥന നടന്നു.
വരുംദിവസങ്ങളിലും കർദിനാൾമാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ജപമാലപ്രാർഥനയും ഉണ്ടായിരിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമസ്ഥലം മേരി മേജർ ബസിലിക്കയാണെന്ന അറിയിപ്പ് വന്നതിനു പിന്നാലെ ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹമാണ്.