ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിങ്കലേക്ക് പ്രാർഥനയോടെ വിശ്വാസികൾ
Monday, April 28, 2025 4:11 AM IST
വത്തിക്കാൻ സിറ്റി: റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം. ഇന്നലെ രാവിലെ ഏഴിനാണ് കബറിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇതിനുമുന്‍പുതന്നെ പള്ളിയിലേക്ക് നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. മാർപാപ്പയുടെ മരണപത്രമനുസരിച്ച് ലത്തീൻ ഭാഷയിൽ "ഫ്രാൻസിസ്കുസ്’’എന്നു മാത്രമെഴുതി പ്രത്യേകിച്ച് അലങ്കാരപ്പണികളൊന്നും നടത്താതെയാണു കബറിടം നിർമിച്ചത്.
ലാളിത്യത്തിന്റെ മറ്റൊരു പ്രതീകമായി കല്ലറയ്ക്കുമുകളിൽ ഒരു വെള്ള റോസാപ്പൂവും കാണപ്പെട്ടു. വരുംദിവസങ്ങളിലും വിശ്വാസികളുടെ പ്രവാഹമുണ്ടാകുമെന്നതിനാൽ വലിയപള്ളിയിൽ അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തുന്ന തീർഥാടകരെല്ലാം മാർപാപ്പ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കന്യാമറിയ ത്തിന്റെ വലിയപള്ളിയും സന്ദർശിച്ചശേഷമാണു മടങ്ങുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് സാർവത്രികസഭ ശനിയാഴ്ച മുതൽ ഒന്‍പത് ദിവസത്തേക്കു പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്ന േരം അഞ്ചിന് വിവിധ കർദിനാൾമാരുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ വിശുദ്ധ കുർബാനയും ജപമാലയും ഉണ്ട്.ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് കർദിനാൾമാരെല്ലാവരും ഫ്രാൻസിസ് മാർപാപ്പയുടെ ഖബറിടത്തിലെത്തി പ്രാർഥന നടത്തുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു.
സീറോമലബാർ സഭയുടെ സാന്താ അനസ്താസിയ ബസിലിക്കയിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ റോമിലെ സാന്‍ ഗ്രെഗോരിയോ സേത്തിമോ പള്ളിയില്‍ സീറോമലങ്കര സഭാംഗങ്ങൾ ഒന്നുചേർന്ന് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു. ദുഃഖാചരണത്തിന്റെ മൂന്നാംദിനമായ ഇന്ന് റോമാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
റോമാ രൂപത വികാരി ജനറാൾ കർദിനാൾ ബാൾദസാരെ റെയ്ന മുഖ്യകാർമികത്വം വഹിക്കും. പൗരസ്ത്യസഭകളുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയർപ്പണം മേയ് രണ്ടിനാണ്. പൗരസ്ത്യസഭാ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറാത്തി മുഖ്യകാർമികത്വം വഹിക്കും. അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന കോൺക്ലേവിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്നു നടക്കുന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം.