കാരുണ്യത്തിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കാം: കർദിനാൾ പരോളിൻ
Monday, April 28, 2025 4:11 AM IST
വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ അനന്തമായ കരുണയിലേക്ക് നോക്കാൻ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിനെത്തുടർന്നു പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കാരുണ്യം നമ്മെ സുഖപ്പെടുത്തുക മാത്രമല്ല, പുതിയൊരു ലോകത്തെ സൃഷ്ടിക്കുമെന്നും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അഗ്നി കെടുത്തിക്കളയുമെന്നും കർദിനാൾ പറഞ്ഞു.
കാരുണ്യം നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ഒന്നിപ്പിക്കുന്ന സുവർണ നൂലാണ്. ദൈവകരുണയുടെ തിരുനാളിനെ അനുസ്മരിച്ച്, ഫ്രാൻസിസ് മാർപാപ്പ ദൈവത്തിന്റെ കരുണയ്ക്ക് വലിയ ഊന്നൽ നൽകിയിരുന്നുവെന്നും അതിനു പരിധികളില്ലെന്നും അതു നമ്മെ ഉയർത്താനും പുതുക്കാനും പ്രവർത്തിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു. മുറിവേറ്റവരെ ആർദ്രതയോടെ, കരുണയുടെ സുഗന്ധതൈലം കൊണ്ട് സുഖപ്പെടുത്തുന്ന ഒരു സഭയുടെ തിളങ്ങുന്ന സാക്ഷിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
ദൈവത്തിന്റെ കരുണയിലേക്ക് നാം തുറക്കപ്പെടുകയും പരസ്പരം കരുണയുള്ളവരായിരിക്കുകയും വേണം. നമ്മുടെ യോഗ്യതകൾ കണക്കിലെടുക്കാതെ, നാമോരോരുത്തരോടും കരുണയും ആർദ്രതയുമുള്ള ഒരു ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന കണ്ടെത്തലാണ് സുവിശേഷം നൽകുന്ന സദ്വാർത്ത. നമ്മുടെ ജീവിതം കരുണയാൽ നെയ്തതാണെന്ന് ഇതു നമ്മെ ഓർമ്മപ്പെടുത്തുന്നു. പരിധികളില്ലാതെ നമ്മെ സ്നേഹിക്കുകയും നമ്മോടു ക്ഷമിക്കുകയും ചെയ്യുന്ന ഒരാൾ നമുക്കുണ്ടെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ വീഴ്ചകളിൽനിന്ന് എഴുന്നേൽക്കാനും ഭാവിയിലേക്ക് നോക്കാനും കഴിയൂ.
പരസ്പരം അംഗീകരിക്കാതെയും പരസ്പരം ക്ഷമിക്കാതെയും സമാധാനം സാധ്യമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ ശക്തമായി വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യേശുവിന്റെ മരണത്തിൽ ദുഃഖിക്കുന്ന അപ്പസ്തോലന്മാരെപ്പോലെ മാർപാപ്പയുടെ വേർപാട് നമ്മെ ദുഃഖിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുകയും അന്പരപ്പുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ഇരുൾ നിറഞ്ഞ ഈ സാഹചര്യത്തിലാണ് ക്രിസ്തു തന്റെ പുനരുത്ഥാനത്തിലൂടെ നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചത് എന്നോർക്കണം. ഫ്രാൻസിസ് മാർപാപ്പ ഇതു നമ്മെ ഓർമിപ്പിക്കുകയും പലപ്പോഴും ഇത് ആവർത്തിക്കുകയും തന്റെ ജീവിതത്തിൽ സുവിശേഷത്തിന്റെ ആനന്ദം കണ്ടെത്തുകയും ചെയ്തു- കർദിനാൾ പരോളിൻ പറഞ്ഞു.
വിശുദ്ധ വര്‍ഷമായ 2025ന്റെ ഭാഗമായി റോമില്‍ നടക്കുന്ന ജൂബിലിയിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയിരിക്കുന്ന യുവജനങ്ങളടക്കം രണ്ടു ലക്ഷത്തോളം പേർ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.