എവറസ്റ്റ് കയറ്റം പരിചയസന്പന്നർക്കു മാത്രമാക്കാൻ നേപ്പാൾ
Tuesday, April 29, 2025 1:13 AM IST
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ കയറാനുള്ള അനുമതി പരിചയസന്പന്നർക്കു മാത്രം നല്കുന്നതിനെക്കുറിച്ച് നേപ്പാൾ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് പാർലമെന്റിന്റെ പരിഗണനയിലാണ്.
നേപ്പാളിലെ 7,000 മീറ്റർ ഉയരമുള്ള ഏതെങ്കിലും കൊടുമുടി കയറിയിട്ടുള്ളവർക്കു മാത്രമായിരിക്കും എവറസ്റ്റ് പെർമിറ്റ് നല്കുക. 8849 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം.
എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തത്. മലയറ്റക്കാരുടെ എണ്ണം കൂടുന്പോൾ തിരക്കും അപകടങ്ങളും വർധിക്കുന്നുണ്ട്. 2023ൽ 478 പേർക്കാണ് എവറസ്റ്റ് കയറാൻ അനുമതി ലഭിച്ചത്. ഇതിൽ 12 പേർ മരിക്കുകയും അഞ്ചു പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞവർഷം കൊടുമുടി കയറിയ 421 പേരിൽ എട്ടു പേർ മരിച്ചു.