ഭൂകന്പം ഉണ്ടാകുമെന്ന് പ്രവചനം; ടിക് ടോക് ജോത്സ്യൻ അറസ്റ്റിൽ
Saturday, April 26, 2025 12:38 AM IST
യാങ്കോൺ: മ്യാൻമറിൽ വീണ്ടും ഭൂകന്പമുണ്ടാകുമെന്നു പ്രവചിച്ച ‘ടിക് ടോക് ജോത്സ്യനെ’ പോലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ മ്യാൻമറിലെ സാഗെയിംഗ് സ്വദേശി ജോൺ മോയി ആണു ടിക് ടോക്കിൽ പ്രവചന വീഡിയോ പോസ്റ്റ് ചെയ്തത്.
ഏപ്രിൽ 21ന് രാജ്യത്തെ എല്ലാ നഗരങ്ങളിലും ഭൂകന്പമുണ്ടാകുമെന്നായിരുന്നു പ്രവചനം. 30 ലക്ഷത്തിലധികം പേരാണു വീഡിയോ കണ്ടത്.
ഭൂകന്പദിനത്തിൽ ആരും കെട്ടിടങ്ങളിൽ തങ്ങരുതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നേരത്തേ മാറ്റിയിരിക്കണമെന്നും ഇയാൾ നിർദേശിച്ചു. ഇതനുസരിച്ച് ഏപ്രിൽ 21നു ചില നഗരങ്ങളിൽ ഒട്ടേറെപ്പേർ തുറന്ന സ്ഥലങ്ങളിൽ ചെലവഴിക്കുകയുണ്ടായി.
അരാജകത്വം വിതയ്ക്കാൻ ലക്ഷ്യമിട്ട് നുണ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണുപോലീസ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നു ലക്ഷം ഫോളോവേഴ്സ് ഉള്ള ഇയാളുടെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ചു.
മാർച്ച് 28ന് മ്യാൻമറിൽ ഉഗ്ര ഭൂകന്പമുണ്ടായിരുന്നു. 3500 പേർ മരിക്കുകയും വൻതോതിൽ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഇതിന് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജോൺ മോയി പ്രവചന വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്.