വാൻകൂവറിൽ ഫിലിപ്പീനി ആഘോഷത്തിലേക്ക് കാറിടിച്ചുകയറ്റി ഒന്പതു പേരെ കൊലപ്പെടുത്തി
Monday, April 28, 2025 4:11 AM IST
വാൻകൂവർ: കാനഡയിലെ വാൻകൂവർ നഗരത്തിൽ ഒരു അക്രമി ഫിലിപ്പീനി വംശജരുടെ തെരുവാഘോഷത്തിലേക്കു കാർ ഓടിച്ചുകയറ്റി ഒന്പതു പേരെ കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറി.
16-ാം നൂറ്റാണ്ടിലെ ഡാറ്റു ലാപു-ലാപു എന്ന ഫിലിപ്പീനി നേതാവ് സ്പാനിഷ് പര്യവേക്ഷകൻ ഫെർഡിനാന്റ് മഗല്ലനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നടത്തുന്ന ലാപു-ലാപു ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആയിരക്കണക്കിനു ഫിലിപ്പീനി വംശജർ തെരുവിൽ പാർട്ടി നടത്തുന്നതിനിടെ അക്രമി കാർ ഇടിച്ചുകയകയായിരുന്നു.
30 വയസുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിന്റെ മധ്യപ്രദേശങ്ങളിൽ നടക്കുന്ന ലാപു-ലാപു ഉത്സവം രണ്ടു വർഷം മുന്പാണ് വാൻകൂവറിലും ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത്. ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുണ്ടായ ആക്രമണത്തിൽ കനേഡിയൻ പ്രധനമന്ത്രി മാർക്ക് കാർണിയും മറ്റ് രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.