ടൈറ്റാനിക്കിൽവച്ചെഴുതിയ കത്തിന് നാലു ലക്ഷം ഡോളർ
Monday, April 28, 2025 4:11 AM IST
ലണ്ടൻ: ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച യാത്രക്കാരൻ കപ്പലിൽവച്ചെഴുതിയ കത്തിന് ലേലത്തിൽ ലഭിച്ചത് നാലു ലക്ഷം ഡോളർ. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിൽ നടന്ന ലേലത്തിൽ അജ്ഞാതനാണ് ഇത്ര ഉയർന്ന തുകയ്ക്കു കത്ത് സ്വന്തമാക്കിയത്.
കേണൽ ആർച്ചിബാൾഡ് ഗ്രേസി എന്ന യാത്രക്കാരൻ തന്റെ പരിചയക്കാരന് അയച്ചതാണ് കത്ത്. 1912 ഏപ്രിൽ പത്തിന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്നു ന്യൂയോർക്കിലേക്കു കന്നിയാത്ര ആരംഭിച്ച ടൈറ്റാനിക്കിലെ 2200 യാത്രക്കാരിലൊരാളായിരുന്നു കേണൽ. കപ്പലിൽ കയറിയ അന്നുതന്നെയാണ് അദ്ദേഹം കത്തെഴുതിയത്. പിറ്റേന്ന് അയർലൻഡിലെ ക്വീൻസ്ടൗണിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കത്ത് പോസ്റ്റ് ചെയ്തു.
യാത്രതുടങ്ങി അഞ്ചാം ദിനമാണ് അറ്റ്ലാന്റിക്കിലെ മഞ്ഞുമലയിലിടിച്ച് കപ്പൽ മുങ്ങിയത്. 1500 പേരാണുമരിച്ചത്. ലൈഫ് ബോട്ടിൽ രക്ഷപ്പെടാൻ ഭാഗ്യം ലഭിച്ചവരിലൊരാളായിരുന്നു കേണൽ. ദുരന്തം അതിജീവിച്ചതിനെക്കുറിച്ച് ‘ദ ട്രൂത്ത് എബൗട്ട് ദ ടൈറ്റാനിക് ’ എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ലൈഫ് ബോട്ടിലുണ്ടായിരുന്ന പകുതിപ്പേരും കൊടുംതണുപ്പ് മൂലം മരിച്ചിരുന്നു. തണുപ്പും പരിക്കുകളും കേണലിന്റെ ആരോഗ്യത്തെയും ബാധിച്ചു. ആ വർഷം ഡിസംബറിൽ അബോധാവസ്ഥയിലായ അദ്ദേഹം രണ്ടു വർഷത്തിനകം മരണമടഞ്ഞു.