അമേരിക്കയ്ക്കുവേണ്ടി ഭീകരതയ്ക്കു പാലൂട്ടി: പാക്കിസ്ഥാൻ
Saturday, April 26, 2025 1:41 AM IST
ലണ്ടൻ: പാശ്ചാത്യ ശക്തികൾക്കുവേണ്ടി ഭീകരർക്കു പരിശീലനവും സാമ്പത്തിക സഹായവും ചെയ്തിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഈ തെറ്റിനു പാക്കിസ്ഥാൻ വലിയതോതിൽ സഹിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട്. അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു. ഇപ്പോള്‍ അതിന്റെ പരിണത ഫലങ്ങള്‍ നേരിടുകയാണെന്നും ആസിഫ് പറഞ്ഞു.
സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പ്രതികരണവും നിലപാടും ആരാഞ്ഞപ്പോഴായിരുന്നു ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്.
ഈ മേഖലയിൽ എന്ത് സംഭവിച്ചാലും പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ വൻശക്തികൾക്കു സൗകര്യമാണ്. 80കളിൽ സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിൽ പാശ്ചാത്യ ശക്തികളുടെ പക്ഷത്തുനിന്നു പോരാടി.
ഇന്നത്തെ ഭീകരരെല്ലാം വാഷ്ടിംഗ്ടണിൽ വൈൻ രുചിക്കുകയും അത്താഴം കഴിക്കുകയുമായിരുന്നു. 9/11 ഭീകരാക്രമണത്തിനുശേഷമുണ്ടായ യുദ്ധത്തിലും സമാനമായ സാഹചര്യം ആവർത്തിച്ചു. സർക്കാർ വീണ്ടും തെറ്റ് ചെയ്തു. പാക്കിസ്ഥാനെ നിഴൽശക്തിയായി ഉപയോഗിക്കുകയായിരുന്നു ആ സമയത്ത്- അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിനു ശേഷം സംഘർഷം രൂക്ഷമാകുമെന്ന് ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഏതു രീതിയിലാണോ അതേ രീതിയിൽ പ്രതികരിക്കാൻ രാജ്യം തയാറാണെന്നു പാക് മന്ത്രി പറഞ്ഞു.
ഇന്ത്യ എന്ത് ചെയ്യുന്നോ അതിനനുസരിച്ചായിരിക്കും പാക്കിസ്ഥാന്റെ പ്രതികരണം. സമഗ്രആക്രമണമോ അതുപോലെയുള്ളതോ സംഭവിച്ചാൽ യുദ്ധം ഉണ്ടാകുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.