ഇറാൻ സ്ഫോടനം: മരണം 40, പരിക്കേറ്റത് 800 പേർക്ക്
Monday, April 28, 2025 4:11 AM IST
ടെഹ്റാൻ: ഇറാനിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40ഉം പരിക്കേറ്റവരുടെ എണ്ണം 800ഉം ആയി ഉയർന്നു. ഇന്നലെ രാവിലെയോടെ എൺപതുശതമാനം തീ അണയ്ക്കാൻ കഴിഞ്ഞതായി സ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനി അറിയിച്ചു.
പേർഷ്യൻ ഗൾഫ് തീരത്തെ ബന്ദർ അബ്ബാസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും വലിയ തുറമുഖത്ത് ശനിയാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിനു വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡിപ്പോയ്ക്കു തീപിടിച്ചതാകാം കാരണമെന്ന് ചില ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്കായി എത്തിച്ച ഇന്ധനം നിറച്ച കണ്ടെയ്നറുകൾക്കു തീപിടിച്ചതാകാം കാരണമെന്ന് സമുദ്രസുരക്ഷാ കൺസൾട്ടൻസി സ്ഥാപനമായ ആംബ്രേ ഇന്റലിജൻസ് അഭിപ്രായപ്പെട്ടു. റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് എന്ന രാസവസ്തു അടുത്തിടെ തുറമുഖത്ത് ഇറക്കിയിരുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ചൈനയിൽനിന്ന് രണ്ടു കപ്പലുകളിൽ മിസൈൽ ഇന്ധനം ഇവിടെ എത്തിച്ചിരുന്നതായും ചില റിപ്പോർട്ടുകളിൽ പറയുന്നു.
അത്യുഗ്ര സ്ഫോടനത്തിന്റെ ശബ്ദം 50 കിലോമീറ്റർ അകലെ കേട്ടു. തുറമുഖത്തിനു കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളിലെ ചില്ലുജനാലകൾ തകർന്നു. ബന്ദർ അബ്ബാസ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നല്കി. ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിൽ മൂന്നാം വട്ട ആണവചർച്ചകൾ ആരംഭിച്ചിരിക്കേയാണ് സ്ഫോടനം. എന്നാൽ, ചർച്ചയ്ക്കും സ്ഫോടനത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം
.
സഹായിക്കാമെന്ന് പുടിൻ
മോസ്കോ: തുറമുഖ സ്ഫോടനത്തിൽ സഹായിക്കാൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇറാനെ അറിയിച്ചു. ഒട്ടേറെപ്പേർ മരിച്ച സംഭവത്തിൽ പുടിൻ അനുശോചനം പ്രകടിപ്പിച്ചുവെന്നും ക്രെംലിൻ അറിയിപ്പിൽ പറയുന്നു. യുക്രെയ്ൻ അധിനിവേശത്തിന് ആയുധം നല്കി സഹായിക്കുന്ന ഇറാനുമായി റഷ്യക്ക് അടുത്ത ബന്ധമുണ്ട്.