കോൺക്ലേവിൽ പങ്കെടുക്കുന്ന 135 കർദിനാൾമാരിൽ 108 പേരും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവർ
Tuesday, April 29, 2025 1:13 AM IST
വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ അടുത്ത മാസം ഏഴിനു നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന 135 കർദിനാൾമാരിൽ 108 പേരും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവരാണ്. ഇതിൽ മലയാളിയായ ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ 20പേരെ കഴിഞ്ഞ ഡിസംബറിലാണു കർദിനാൾസ്ഥാനത്തേക്ക് ഉയർത്തിയത്.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ 15 പേർ 60 വയസിൽ താഴെയുള്ളവരാണ്. മെൽബണിലെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ 45 വയസുള്ള കർദിനാൾ മൈക്കോള ബൈചൊക് ആണ് കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.
ഇറ്റലിക്കാരനായ കർദിനാൾ ജോർജോ മാരെംഗോ (50), പോർച്ചുഗലിൽനിന്നുള്ള കർദിനാൾ അമേരിക്കോ മാനുവൽ അഗ്വിയാർ ആൽവസ് (51), മലയാളിയായ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് (51), ടൊറന്റോ ആർച്ച്ബിഷപ് കർദിനാൾ ഫ്രാൻസിസ് ലെയോ (53) എന്നിവരാണ് കോൺക്ലേവിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ മറ്റു കർദിനാൾമാർ.
ചരിത്രം പരിശോധിക്കുന്പോൾ 25-ാം വയസിൽ കോൺക്ലേവിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച കർദിനാളുമുണ്ട്. 1565-1566 കോൺക്ലേവിൽ പങ്കെടുത്ത കർദിനാൾ അൽഫോൻസോ ജെസുവാൽദോ ദി കൊൻസായ്ക്ക് അന്ന് കേവലം 25 വയസ് മാത്രമായിരുന്നു പ്രായം.
2013ലെ കോൺക്ലേവിൽ സീറോമലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ. 53 വയസായിരുന്നു അന്ന് മാർ ക്ലീമിസിനുണ്ടായിരുന്നത്.