"ആയിരത്തിലേറെ വർഷം പഴക്കമുള്ള തർക്കം'; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്
Sunday, April 27, 2025 2:11 AM IST
വാഷിംഗ്ടൺ/ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാഷ്മീരിനുവേണ്ടി ഇന്ത്യയും പാക്കിസ്ഥാനും ആയിരംവർഷത്തിലേറെ, ഒരുപക്ഷെ അതിനേക്കാൾ ഏറെ കാലമായി പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരുരീതിയില്‍ അവര്‍തന്നെ പ്രശ്നം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് രാജ്യങ്ങളുടെയും നേതാക്കളെ അറിയാമെന്നും ട്രംപ് പറഞ്ഞു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർഥിക്കുകയാണെണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് റ്റാമി ബ്രൂസും പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം പഴിചാരുന്നതിനിടെ സംഘർഷം ശമിപ്പിക്കുന്നതിന് യുഎസ് ഇടപെടൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് സാഹചര്യം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. സ്ഥിതിഗതികൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ പ്രതികരിച്ചു.
ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് സംസാരിച്ചിരുന്നു.
ഭീകരാക്രമണത്തെ യുഎസ് അപലപിക്കുന്നതായും ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.