വിലാപയാത്ര ഒന്നര മണിക്കൂർ നീണ്ടുനിൽക്കും
Saturday, April 26, 2025 12:38 AM IST
വത്തിക്കാന് സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സംസ്കാരശുശ്രൂഷകൾക്കുശേഷം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര പെരുഗിനോ ഗേറ്റിൽനിന്ന് പുറപ്പെടുമെന്നും സെന്റ് പീറ്റേഴ്സ് ചത്വരം വഴി കടന്നുപോകില്ലെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാത്തെയോ ബ്രൂണി അറിയിച്ചു.
എല്ലാവർക്കും കാണാനാകുന്നവിധം പ്രത്യേകം തയാറാക്കിയ വാഹനത്തിലായിരിക്കും ഭൗതികദേഹം വഹിക്കുക. വിലാപയാത്ര ഒന്നര മണിക്കൂർ നീണ്ടുനിൽക്കും.
നാളെ പ്രാദേശികസമയം വൈകുന്നേരം നാലിന് റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലെത്തുന്ന കർദിനാൾമാർ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിൽ പ്രാർഥന നടത്തുമെന്നും ബ്രൂണി അറിയിച്ചു.
വത്തിക്കാൻ ചത്വരത്തിൽ ഉയർന്ന പ്ലാറ്റ്ഫോമിലായിരിക്കില്ല ഭൗതികദേഹം വയ്ക്കുക. വത്തിക്കാൻ ചത്വരത്തിൽ സഹകാർമികരുടെ മറുവശത്താണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള തലവന്മാരുടെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. മുൻനിരയിൽ ഇറ്റാലിയൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാർപാപ്പയുടെ സ്വദേശമായ അർജന്റീനയുടെ പ്രസിഡന്റിനും ഇരിപ്പിടം ഒരുക്കും. ബാക്കിയുള്ളവരെ ഫ്രഞ്ച് അക്ഷരമാലക്രമത്തിൽ ഇരിപ്പിടത്തിലേക്ക് നയിക്കും.
കബറടക്ക ശുശ്രൂഷകൾക്കുശേഷം ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വത്തിക്കാനിൽനിന്നും പിയാസ വെനീസിയയിലെത്തി ആദിമക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ ഉണർത്തുന്ന കൊളോസിയത്തിന്റെ വശങ്ങളിലൂടെ റോമൻ കത്തീഡ്രലായ ജോൺ ലാറ്ററൻ ബസിലിക്കയെയും മേരി മേജർ ബസിലിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിയ മേരുളാനയിലൂടെ മേരി മേജർ ബസിലിക്കയിലേക്ക് എത്തും. തുടർന്നു നടക്കുന്ന കബറടക്കം ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം ലളിതവും സ്വകാര്യവുമയിരിക്കും.
കബറടക്കത്തിനുശേഷം രാത്രി ഒന്പതിന് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ പൊതുവായ ജപമാല പ്രാർഥന ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് നാളെ രാവിലെ മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കാവുന്നതാണ്.
അന്ത്യയാത്രയിലും പാവപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പുവരുത്തി
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം കബറടക്കുന്ന റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിക്കുമുന്പിൽ അവസാനമായി അന്ത്യാഞ്ജലിയർപ്പിച്ച് ഭൗതികദേഹം ഏറ്റുവാങ്ങുന്നത് അഗതികളുടെ പ്രതിനിധികളായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
ദരിദ്രർ, ഭവനരഹിതർ, തടവുകാർ, കുടിയേറ്റക്കാർ എന്നിവരുടെ പ്രതിനിധികളായി വത്തിക്കാന്റെ ചാരിറ്റബിൾ ഓർഗനൈസേഷൻ കണ്ടെത്തിയ 40 ഓളം പേരാണ് പള്ളിയുടെ പടികളിൽ വച്ച് വെള്ള റോസാപ്പൂക്കൾ സമർപ്പിച്ച് തങ്ങളുടെ പ്രിയപ്പെട്ട പിതാവിന് വിട ചൊല്ലി ഭൗതികദേഹം ഏറ്റുവാങ്ങുന്നത്.
ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക യാത്രകൾക്കു മുന്പായി ചെയ്തിരുന്ന രണ്ടു കാര്യങ്ങൾ, റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലെ അത്ഭുത ചിത്രമായ സാലൂസ് പൊപോളി റൊമാനിയുടെ മുന്പിലെത്തി പ്രാർഥിക്കുന്നതും ഭവനരഹിതരും ദരിദ്രരുമായ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതുമായിരുന്നു.
തന്റെ അന്ത്യയാത്രയിലും ഇതേ പതിവ് തുടരുവാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചിരുന്നു. ജീവിതകാലം മുഴുവൻ ഫ്രാൻസിസ് മാർപാപ്പ ദരിദ്രരും അശരണരും ആലംബഹീനരുമായ ആളുകളോട് എപ്പോഴും വളരെ താത്പര്യം കാണിക്കുകയും ഇവരുടെ ഉന്നമനത്തിനായി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.