റഷ്യയെ സഹായിക്കാൻ സൈനികരെ അയച്ചു; സ്ഥിരീകരിച്ച് ഉത്തരകൊറിയ
Tuesday, April 29, 2025 1:13 AM IST
പ്യോഗ്യാംഗ്: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി തങ്ങളുടെ പട്ടാളക്കാർ പോരാടുന്ന കാര്യം ഉത്തരകൊറിയ ഔദ്യോഗികമായി സമ്മതിച്ചു.
പരമോന്നത നേതാവ് കിം ജോംഗ് ഉന്നിന്റെ ഉത്തരവു പ്രകാരമാണ് പട്ടാളക്കാർ റഷ്യയിൽ പോയതെന്ന് ഉത്തരകൊറിയയിലെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ അറിയിപ്പിൽ പറയുന്നു. ഉത്തരകൊറിയൻ ഭടന്മാർ സ്വരാജ്യത്തിനുവേണ്ടിയെന്നപോലെയാണ് അവിടെ പോരാടുന്നതെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ സേനയും ഉത്തരകൊറിയൻ ഭടന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയയ്ക്കും കിം ജോംഗ് ഉന്നിനും വ്യക്തിപരമായി നന്ദി അറിയിച്ചു. റഷ്യക്കുവേണ്ടി ജീവൻ ബലികഴിച്ച ഉത്തരകൊറിയക്കാരോടുള്ള ആദരവ് എന്നും നിലനിൽക്കുമെന്ന് പുടിൻ പറഞ്ഞു.
ആറു മാസം മുന്പാണ് ഉത്തരകൊറിയൻ ഭടന്മാർ റഷ്യക്കായി പോരാടാനെത്തിയത്. പല ഘട്ടങ്ങളിലായി 14,000 ഭടന്മാർ റഷ്യയിലെത്തി.